ഒളിമ്പിക് ജേതാവ് മാനുവല്‍ ഫ്രഡറിക്കിന് ഇനി സര്‍ക്കാര്‍ കരുതലില്‍ സ്വന്തം കിടപ്പാടം

സര്‍ക്കാര്‍ കരുതലില്‍ കേരളത്തിന്റെ ഏക ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രഡറിക്കിന് ഇനി സ്വന്തം കിടപ്പാടം. ഒളിംപ്യന് കണ്ണൂരില്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ മാനുവല്‍ ഫ്രഡറിക്ക് ഇത്രയും കാലം വാടക വീട്ടിലായിരുന്നു താമസം.

കേരളത്തിന്റെ ഏക ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രഡറിക്കിന് ഇതുവരെയും സ്വന്തമായി കിടപ്പാടം ഉണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു ഇത്രയും കാലത്തെ താമസം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കായിക മന്ത്രി ഇ പി ജയരാജന്റെയും ആത്മാര്‍ത്ഥമായ ഇടപെടലിന്റെ ഫലമായാണ് ഒളിംപ്യന് സ്വന്തമായി കിടപ്പാടം ഒരുങ്ങിയത്.

കണ്ണൂര്‍ പള്ളിയാംമൂലയില്‍ സെന്റിന് 15 ലക്ഷത്തോളം രൂപ വരുന്ന 5 സെന്റ് ഭൂമി പതിച്ച് നല്‍കി ഇവിടെയാണ് ആധുനിക സൗകര്യങ്ങളോടെ സര്‍ക്കാര്‍ ഒളിംപ്യന് 1610 ചതുരശ്ര അടിയുയുള്ള ഇരുനില വീട് പണിതത്. ഇ പി ജയരാജന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തറക്കല്ലിട്ട് പത്ത് മാസത്തിനകം പണി പൂര്‍ത്തിയാക്കി. ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സോസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.

ഒളിംപ്യന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കിയതില്‍ കണ്ണൂരിലെ കായിക പ്രേമികളും ഏറെ സന്തോഷത്തിലാണ്. 21 ആം വയസ്സില്‍ ഒളിംപിക് മെഡല്‍ ജേതാവായിട്ടും അവഗണനയുടെ കൈപ്പുനീര്‍ മാത്രം കുടിക്കേണ്ടി വന്ന കഥയാണ് മാനുവല്‍ ഫ്രഡറിക്കിന്റേത്. മ്യൂണിക്ക് ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ടീമിലെ എട്ട് പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ട് പേര്‍ക്ക് പത്മശ്രീയും നല്‍കി ആദരിച്ചപ്പോള്‍ മാനുവല്‍ ഫ്രഡറിക്കിനെ രാജ്യം മറന്നു.

21 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ ഗോള്‍ വലയം കാത്ത താരത്തെയാണ് അവഗണിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ആദ്യം എടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു മാനുവല്‍ ഫ്രഡറിക്കിന് സ്വന്തമായി കിടപ്പാടം ഒരുക്കണമെന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News