ഖത്തറില്‍ സ്വര്‍ണ വ്യാപാരിയെ കഴുത്തറുത്ത് കൊന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: സ്വര്‍ണ വ്യാപാരിയായ യമന്‍ സ്വദേശിയെ ഖത്തറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ മുസ്ലിം ലീഗുകാര്‍.

പാലോട്ടുപള്ളി സ്വദേശികളുമായ ഷമ്മാസ്, വെമ്പടിയിലെ അനീസ്, കല്ലൂരിലെ റാഷിദ് എന്നിവരാണ് കൊലപാതകത്തിന് ശേഷം ഖത്തറില്‍നിന്ന് മുങ്ങി മട്ടന്നൂരിലെത്തി ഒളിവില്‍ പോയത്.

ഖത്തറിനെ ഞെട്ടിച്ച അരുംകൊലയുടെ മുഖ്യസൂത്രധാരന്‍ വെമ്പടി റോഡിലെ അസ്ഫീര്‍ ഖത്തര്‍ പൊലീസിന്റെ പിടിയിലാണ്. ലീഗിന്റെ പാലോട്ടുപള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാനപ്രവര്‍ത്തകരാണിവര്‍. പ്രതികളില്‍ ഒരാള്‍ മുസ്ലിംലീഗ് മട്ടന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയുടെ മകനാണ്.

ഖത്തറിലെ സ്വര്‍ണവ്യാപാരിയായ യമന്‍ പൗരനെ ജൂണ്‍ രണ്ടിനാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആഭരണങ്ങളും പണവും കവരുകയായിരുന്നു. ഖത്തറില്‍ പിടിയിലായ അസ്ഫീര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും കൂടെ താമസിക്കുന്നയാളുമാണ് സ്വര്‍ണവ്യാപാരി. ഇയാളുടെ കൈവശം കോടിക്കണക്കിന് രൂപയും ആഭരണങ്ങളുമുണ്ടെന്ന് മനസിലാക്കിയ അസ്ഫീറാണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് സൂചന.

അസ്ഫീറിന്റെ സുഹൃത്തുക്കളായ ഷമ്മാസ്, അനീസ്, റാഷിദ് എന്നിവരുമായി ചേര്‍ന്ന് കൊല നടത്തുകയായിരുന്നു. ഇവര്‍ കവര്‍ന്ന ആഭരണങ്ങളും പണവും ഖത്തറില്‍ ജോലിക്കാരനായ മട്ടന്നൂര്‍ മരുതായി റോഡിലെ ഉസ്മാന്‍ എന്നയാളുടെ മുറിയിലാണ് സൂക്ഷിച്ചത്. ഉസ്മാനെയും ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികളെകുറിച്ച് കേരള പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് പ്രതികള്‍ മട്ടന്നൂരില്‍ നിന്ന് മുങ്ങിയത്. വിദേശരാജ്യത്തെ കുറ്റകൃത്യമായതിനാല്‍ പൊലീസിന് ഇവരെ പിടികൂടാനാകില്ല. ഖത്തര്‍ പൊലീസ് സഹായം അഭ്യര്‍ഥിക്കുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here