വിമാനത്താവള സ്വകാര്യവല്‍കരണം; തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കെ.കെ.രാഗേഷ് രാജ്യസഭയില്‍

 


വിമാനത്താവള സ്വകാര്യവല്‍കരണത്തില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് കെ.കെ.രാഗേഷ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമുള്ള കമ്പനിയെ വിമാനത്താവളം ഏല്‍പ്പിക്കണമെന്നും എം.പി നിര്‍ദേശിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലേയ്ക്ക് ലോക്സഭയും രാജ്യസഭയും കടന്നു. ലോക്സഭയില്‍ മന്ത്രി പ്രതാപ് ചന്ദ്ര സാരാഗി നന്ദി പ്രമേയം അവതരിപ്പിച്ചപ്പോള്‍ രാജ്യസഭയില്‍ ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ് ജെ.പി.നഡ്ഢ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

രാജ്യസഭയുടെ ശൂന്യവേളയില്‍ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ എം.പി. കെ.കെ.രാഗേഷ് രംഗത്ത് എത്തി.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്ത് ഉള്ളത്. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമുള്ള കമ്പനിയ്ക്ക് വിമാനത്താവളം കൈമാറണമെന്നും കെ.കെ.രാഗേഷ് എം.പി ആവശ്യപ്പെട്ടു.

ലോക്സഭയില്‍ ആധാര്‍ ഭേദഗതി ബില്ലും,ജമ്മു കാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ ഫോണ്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധ തിരിച്ചറിയല്‍ രേഖയാക്കുന്നതാണ് ആധാര്‍ ഭേദഗതി ബില്‍. ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നം ലോക്സഭ ശബ്ദവോട്ടോടെ തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here