ആറ് തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ബൂം ബൂം ബെക്കര്‍ കടക്കെണി ഒഴിവാക്കാന്‍ ട്രോഫികള്‍ ലേലം ചെയ്യുന്നു; വിശ്വസിക്കാനാകാതെ ആരാധകര്‍

ഒരു പതിറ്റാണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ അടക്കിവാണ ഈ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആറ് തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ബൂം ബൂം ബെക്കര്‍ കടക്കെണി ഒഴിവാക്കാന്‍ ട്രോഫികള്‍ ലേലം ചെയ്യുകയാണ്. ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ബെക്കറുടെ ട്രോഫികളും സുവനീറുകളും ലേലം ചെയ്യുന്നത്.

ട്രോഫികള്‍, മെഡലുകള്‍, വാച്ചുകള്‍, ചിത്രങ്ങള്‍ തുടങ്ങി 82 വസ്തുക്കളാണ് ലേലത്തിനുള്ളത്. ഇന്നാരംഭിച്ച ലേലം ജൂലൈ 11 വരെ നീണ്ടുനില്‍ക്കും. 1985-ല്‍ 17 വയസുമാത്രം പ്രായമുള്ളപ്പോള്‍ കെവിന്‍ കറനെ അട്ടിമറിച്ച് ലോകത്തെ കോരിത്തരിപ്പിച്ച പ്രകടനത്തിലൂടെ വിംബിള്‍ഡണ്‍ കിരീടം ചൂടിയ ബെക്കറിനെ കായികലോകത്തിന് മറക്കാനാവില്ല.

ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍, സീഡ് ചെയ്യപ്പെടാതെ ചാമ്പ്യനാകുന്ന ആദ്യ താരം തുടങ്ങിയ റെക്കോഡെല്ലാം അന്ന് ബെക്കര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തു. തൊട്ടടുത്ത വര്‍ഷവും 1989ലും വിംബള്‍ഡണില്‍ കിരീട നേട്ടം ആവര്‍ത്തിച്ചു.

1991ലും 96ലും ഓസ്‌ട്രേലിയന്‍ ഓപ്പണും 1989 ല്‍ യു എസ് ഓപ്പണും നേടിയ ജര്‍മന്‍ താരത്തിന് കിട്ടാതെ പോയ ഏക ഗ്രാന്‍ഡ് സ്ലാം കിരീടം ഫ്രഞ്ച് ഓപ്പണ്‍ മാത്രമായിരുന്നു.

കൂടാതെ ജര്‍മനിക്ക് വേണ്ടി 1988ലും 89ലും ഡേവിസ് കപ്പ് കിരീടങ്ങള്‍, 1992 ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ എന്നിവയും ബെക്കര്‍ നേടിയിരുന്നു.

49 സിംഗിള്‍സ് കിരീടങ്ങളും 15 ഡബിള്‍സ് കിരീടങ്ങളും നേടിയ ശേഷം 1999ല്‍ ബെക്കര്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. പിന്നീട് ജര്‍മന്‍ ദേശീയ ടീമിന്റെയും നൊവാക് ദ്യോക്കോവിച്ചിന്റെയും പരിശീലകനുമായി. ]

1985 മുതല്‍ 1996 വരെ ബോറിസ് ബെക്കറെന്ന ജര്‍മന്‍ ടെന്നീസ് ഇതിഹാസത്തിന്റെ വിജയകഥകള്‍ മാത്രം കേട്ടിരുന്ന ആരാധകര്‍ക്ക് മുന്നില്‍ ഇപ്പോഴെത്തുന്നത് അത്ര നല്ലതല്ലാത്ത വാര്‍ത്തയാണ്. വഴിവിട്ട ജീവിതത്തിലൂടെ ടെന്നീസ് കോര്‍ട്ടില്‍ നിന്നും പുറത്തുനിന്നും നേടിയ ദശലക്ഷകണക്കിന് പൗണ്ട് ധൂര്‍ത്ത ജീവിതത്തിലൂടെ തുലച്ചതാണ് ബെക്കറിന് വിനയായത്. ബിസിനസിലെ തിരിച്ചടികളും താരത്തെ കടക്കെണിയിലാക്കി.

ലോകത്തെ പ്രധാന നഗരങ്ങളില്‍ ആഡംബര വീടുകള്‍, ദുബായില്‍ പണിതുയര്‍ത്തിയ ബോറിസ് ടവര്‍, സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ്, ഓര്‍ഗാനിക് ഫുഡ് പ്രൊഡക്റ്റ് എന്നിവയെല്ലാം പരാജയമായി. നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപവും പരാജയമായതോടെ ബെക്കറിന്റെ ജീവിതം പൂര്‍ണ തകര്‍ച്ചയിലാവുകയായിരുന്നു.

ബൂം ബൂം ബെക്കര്‍ പാപ്പരാകുന്നത് ഇതാദ്യമായല്ല. മുന്‍പ് രണ്ട് തവണ പാപ്പരായപ്പോള്‍ ബെക്കറിന്റെ രക്ഷയ്‌ക്കെത്തിയത് ജര്‍മന്‍ ടെന്നീസ് ഫെഡറേഷനും സ്‌പോര്‍ട്‌സ് പ്രസിദ്ധീകരണങ്ങളും ചാനലുകളുമായിരുന്നു.

ഇത്തവണ സഹായിക്കാന്‍ ടെന്നീസ് ഫെഡറേഷനോ സ്‌പോട്‌സ് മാഗസിനുകളോ ഇല്ല. 2017 ജൂണ്‍ 21-ന് ബെക്കറെ ബാങ്ക്റപ്സി ആന്റ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here