കോടിയേരി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല; മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് അഡ്വ. ശ്രീജിത്ത്

മുംബൈ: തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഊഹാപോഹങ്ങളാണ് വാര്‍ത്തകളായി പ്രചരിക്കുന്നതെന്നും അഡ്വക്കേറ്റ് ശ്രീജിത്ത് പറഞ്ഞു. താന്‍ ബിനോയ് കൊടിയേരിയുടെയോ ബീഹാര്‍ യുവതിയുടെയോ അഭിഭാഷകനല്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. യുവതിയുടെ നിയമസഹായി ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുവാന്‍ ശ്രമം നടത്തിയതെന്നും ശ്രീജിത്ത് വിശദീകരണം നല്‍കി.

മുംബൈയിലെ തന്റെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പല മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ വസ്തുതക്ക് നിരക്കാത്തതായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. കൊടിയേരി ബാലകൃഷ്ണനുമായി താന്‍ ഇക്കാര്യത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഒത്തുതീര്‍പ്പിനായി ഇടപെട്ടിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.

ഏപ്രില്‍ 18ന് വിനോദിനി കോടിയേരിയും പിന്നീട് ഏപ്രില്‍ 29 ന് ബിനോയ് കോടിയേരിയുമാണ് മുംബൈയിലെ തന്റെ ഓഫീസിലെത്തി ചര്‍ച്ച നടത്തിയതെന്ന് ശ്രീജിത്ത് പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനിയുമായി സംസാരിക്കുന്നതിനിടയില്‍ വിനോദിനിയുടെ അവശ്യ പ്രകാരമാണ് അവരുടെ ഫോണിലൂടെ രണ്ടു മിനിറ്റ് കോടിയേരി കേസിന്റെ വാസ്തവം എന്താണെന്ന് തിരക്കിയത്.

അല്ലാതെ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയിലുള്ള യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ശ്രീജിത്ത് വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്തരമൊരു ആരോപണവുമായി യുവതി രംഗത്തെത്തിയത്.അഞ്ചു കോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ഡിമാന്‍ഡ്. മറ്റു ഉപാധികളൊന്നും യുവതി മുന്നോട്ടു വച്ചിരുന്നില്ലെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.

എന്നാല്‍ ബിനോയ് നിരത്തിയ തെളിവുകള്‍ യുവതിയുടെ പല വാദങ്ങളും തെറ്റാണെന്ന് കാണിക്കുന്നതാണെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. അങ്ങിനെയാണ് ചര്‍ച്ച പരാജയപ്പെട്ടതും തുടര്‍ന്ന് കേസ് കോടതിയിലെത്തിയതെന്നും ശ്രീജിത്ത് പറയുന്നു. അനാവശ്യമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴച്ചതിലുള്ള അതൃപ്തിയും അഡ്വക്കേറ്റ് ശ്രീജിത്ത് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News