ധാക്ക: കൈകള്‍ മരക്കൊമ്പ് പോലെ വളരുന്നു,് ഇനിയും വേദന സഹിക്കാന്‍ വയ്യെന്നും അതുകൊണ്ട് തന്റെ കൈകള്‍ മുറിച്ചു കളയണമെന്നും ആവശ്യപെട്ടിരിക്കുകയാണ് ബംഗ്ലാദേശുകാരനായ അബുള്‍ ബജന്ദര്‍ എന്ന ചെറുപ്പക്കാരന്‍. 2016മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാന്‍ ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി ചെയ്തത്.

എന്നാല്‍ രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ കരുതിയിരിക്കെയാണ് വീണ്ടും രോഗം തിരിച്ച് വന്നത്. വേദന സഹിക്കാനാവാതെയാണ് 28കാരനായ ബജന്ദറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.’ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല.

എന്റെ കൈകള്‍ മുറിച്ചു കളയുമോ എന്ന് ഡോക്ടര്‍മാരോട് ഞാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ’, എന്ന് ബജന്ദര്‍ പറയുന്നു. വിദേശത്ത് പോയാല്‍ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പക്ഷെ പണമാണ് പ്രശ്നമെന്നും മാതാവ് ആമിന ബീബി പറയുന്നു.

ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറ വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൈകാലുകള്‍ വൃക്ഷത്തലപ്പ് പോലെയായി മാറിയ ഇദ്ദേഹം വൃക്ഷമനുഷ്യന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ലോകത്തി അരഡസന്‍ ആളുകള്‍ക്കേ ഇതുവരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. ബംഗ്ലാദേശില്‍ 2017ല്‍ ഇതേ രോഗമുള്ള ഒരു പെണ്‍കുട്ടിയെ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ചിലവില്‍ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്.