മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതം; പട്ടിത്തറയിലെ ആയൂര്‍വേദാ ചികിത്സാ കേന്ദ്രം പദ്ധതി വൈകിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് ഉടമ

പാലക്കാട് പട്ടിത്തറയില്‍ സിപിഐഎം സമരം മൂലം ഇരുപത് കോടി രൂപയുടെ ആയൂര്‍വേദാ ചികിത്സാ കേന്ദ്രം പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചുവെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതം. മാധ്യമവാര്‍ത്ത തെറ്റാണെന്നും സംരംഭം ഉപേക്ഷിച്ചിട്ടില്ലെന്നും സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും സ്ഥാപനമുടമ സക്കീര്‍ ഹുസൈന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സിപിഐഎം സമരം കാരണം 20 കോടിയുടെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു. പേരാമംഗലം സ്വദേശി സക്കീര്‍ഹുസൈന്റെ ഉടമസ്ഥതയില്‍ പാലക്കാട് പട്ടിത്തറയില്‍ തുടക്കം കുറിച്ച ആയൂര്‍വേദ ചികിത്സാ കേന്ദ്രവും ഫാം ടൂറിസം പദ്ധതിയും സിപിഐഎം സമരം കാരണം രണ്ട് വര്‍ഷം മുന്പ് ഉപേക്ഷിക്കേണ്ടി വന്നുവെന്നായിരുന്നു ഉള്ളടക്കം. എന്നാല്‍ വസ്തുതയെന്താണ്.

സ്ഥാപനത്തിന്റെ ഉടമ സക്കീര്‍ ഹുസൈന്‍ പറയുന്നതിങ്ങനെ-സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ടും റോഡരികില്‍ സൗന്ദര്യവത്ക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ടും ജനകീയ പ്രതിഷേധമുയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് പട്ടിത്തറ പഞ്ചായത്ത് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു.

തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടു മാത്രമാണെന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. വസ്തുതകള്‍ ഇങ്ങനെയാണെങ്കിലും സക്കീര്‍ ഹുസൈനില്‍ നിന്ന് പ്രതികരണം പോലും തേടാതെയാണ് തെറ്റായ വാര്‍ത്ത സിപിഐഎമ്മിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്നത്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത നല്‍കിയ മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News