പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി; എല്‍ഡിഎഫിന്റെ നേതൃത്വത്തിലുളള അനിശ്ചിതകാല സത്യഗ്രഹത്തിന് ഇന്ന് തുടക്കമാകും

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ മുഴുവന്‍ അഴിമതിക്കാരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുളള അനിശ്ചിതകാല സത്യഗ്രഹത്തിന് ഇന്ന് തുടക്കമാകും. പാലാരിവട്ടം ജംഗ്ഷനില്‍ നടക്കുന്ന സത്യഗ്രഹം സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജനറാലി സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭാ കാലത്ത് നിര്‍മ്മിച്ച മേല്‍പ്പാലത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നത്. മേല്‍പ്പാലം തകരാനിടയായ സാഹചര്യത്തില്‍ വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നിര്‍മ്മിച്ച മുഴുവന്‍ പാലങ്ങളും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. അഴിമതി നടത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ദേശീയപാതയിലുളള പാലം നിര്‍മ്മാണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വി കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. അനിശ്ചിതകാല സത്യഗ്രഹത്തിന് മുന്നോടിയായി നടത്തിയ ബഹുജന റാലിയില്‍ വലിയ പങ്കാളിത്തമാണുണ്ടായത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ബഹുജന റാലി ഉദ്ഘാടനം ചെയ്തു. ഇന്നാരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹം എറണാകുളം സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സമരം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവ് സംബന്ധിച്ച് മെട്രോമാന്‍ ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News