മാധ്യമ സ്വാതന്ത്യത്തിന് വിലക്ക്; പരസ്യങ്ങള്‍ നിഷേധിച്ച് മോദി സര്‍ക്കാര്‍

പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ നിഷേധിച്ച് മോഡി സര്‍ക്കാര്‍. ദി ഹിന്ദു, ടെലിഗ്രാഫ് തുടങ്ങിയ മാധ്യമങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയത്. എബിപി ഗ്രൂപ്പിന് കീഴില്‍ വരുന്ന ടെലിഗ്രാഫിന് ഒരു വര്‍ഷത്തിലേറെയായി കേന്ദ്രം  പരസ്യം നല്‍കുന്നില്ല. റഫേല്‍ വിമാന ഇടപാടിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ‘ദി ഹിന്ദു’ വിന് വിലക്കുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ  ‘ഗ്രേറ്റര്‍ കശ്മീര്‍’, ‘കശ്മീര്‍ റീഡര്‍’ എന്നീ പത്രങ്ങള്‍ക്കും പരസ്യങ്ങള്‍ വിലക്കി. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡിഎവിപി മുഖാന്തരമാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുക. പ്രത്യേക പാനല്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി എംപാനല്‍ ചെയ്യപ്പെട്ട മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കും. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്നതും മറ്റും പരസ്യം വിലക്കാന്‍ കാരണമാകാറില്ല. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് 2019 ജനുവരിയില്‍ 15 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 2014 മുതല്‍ 2018 വരെ  സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ചെലവഴിച്ചത് 5200 കോടി രൂപയാണ്. ഇതില്‍ 2282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങള്‍ക്കാണ് ലഭിച്ചത്. 2312.59 കോടി രൂപയുടെ പരസ്യം ദൃശ്യ–ശ്രാവ്യ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. 651.14 കോടി രൂപ മറ്റുരീതിയിലുള്ള പരസ്യങ്ങള്‍ക്ക് ചെലവിട്ടു. പരസ്യം നിഷേധിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാനേതാവ് അധീര്‍ രജ്ഞന്‍ ചൗധരി വിമര്‍ശിച്ചു.  ബിജെപി അംഗങ്ങള്‍ ചൗധരിക്കെതിരെ രംഗത്തുവന്നതോടെ സഭയില്‍ ബഹളമായി. രണ്ടാമതും അധികാരത്തിലെത്തിയതിന് പിന്നാലെ, വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ നീക്കം മോഡി സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എന്‍ഡിടിവി പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ്, ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ‘ദി ക്വിന്റിന്റെ ‘ സ്ഥാപകന്‍ രാഘവ് ബാല്‍ തുടങ്ങിയവര്‍ക്കുനേരെ സര്‍ക്കാര്‍ നടപടിക്ക് തുടക്കമിട്ടിരുന്നു. എന്‍ഡിടിവിയില്‍ മാനേജീരിയല്‍ തസ്തികകള്‍ വഹിക്കുന്നതില്‍ പ്രണോയ് റോയിയെയും രാധിക റോയിയെയും സെബി ഈയിടെ വിലക്കിയിരുന്നു. സെബി നടപടി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ പിന്നീട് സ്‌റ്റേ ചെയ്തു. കേസ് സെപ്തംബറില്‍ ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കും. വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കുറ്റമാണ് രാഘവ് ബാലിനെതിരെ ചുമത്തിയത്. ആദായനികുതി വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേസെടുത്തത്. ബിജെപി ശത്രുപക്ഷത്ത് കാണുന്ന മാധ്യമസ്ഥാപനങ്ങളാണ് എന്‍ഡിടിവിയും ക്വിന്റും.മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പയറ്റിയ തന്ത്രം. ആദര്‍ശധീരരായ പത്രപ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായി നിലയുറപ്പിച്ചപ്പോള്‍ പത്രമുതലാളിമാര്‍ ഭൂരിപക്ഷവും ഇന്ദിരയ്ക്ക് വിനീതവിധേയരായി. ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി പല പ്രമുഖ പത്രങ്ങളും അക്കാലത്ത് ഇന്ദിരയ്ക്ക് വഴങ്ങിനിന്നു. അതേസമയം, ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ നിലപാടില്‍ ഉറച്ചുനിന്ന ഇന്ത്യന്‍ എക്‌സ്പ്രസ്, സ്‌റ്റേറ്റ്‌സ്മാന്‍ തുടങ്ങിയ പത്രങ്ങള്‍ വലിയ തിരിച്ചടി നേരിട്ടു. ചെറുപത്രങ്ങളും പ്രാദേശിക പ്രസിദ്ധീകരണങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. തങ്ങളെ പിന്തുണയ്ക്കുന്ന പത്രങ്ങള്‍ക്കും  മാസികകള്‍ക്കും ഡിഎവിപി വഴി സര്‍ക്കാര്‍ പരസ്യങ്ങള്‍ യഥേഷ്ടം നല്‍കിയപ്പോള്‍ എതിര്‍ശബ്ദം ഉയര്‍ത്തുന്ന പത്രങ്ങള്‍ക്കെല്ലാം പരസ്യം നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here