ആര്‍ വി 400 ഉടന്‍ വിപണിയില്‍; ബുക്കിംങ് വില 1000 രൂപ

രാജ്യത്തെ തന്നെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ റിവോള്‍ട്ട് ആര്‍ വി 400 ബുക്കിങ് ആരംഭിച്ചു. ടോക്കണ്‍ അഡ്വാന്‍സ് എന്ന നിലയില്‍ 1,000 രൂപയാണ് പ്രീ ബുക്കിങ്ങ് വില. റിവോള്‍ട്ട് ഇന്റെലികോര്‍പാണ് നിര്‍മിത ബുദ്ധിയുടെ മികവോടെയെത്തുന്ന ആര്‍ വി 400 ബൈക്കിന്റെ നിര്‍മ്മാതാക്കള്‍. 

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും വാഹനം ബുക്ക് ചെയ്യാം. ബൈക്കിന്റെ യഥാര്‍ത്ഥ വില സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രീ ബുക്കിങ്ങ് ആരംഭിക്കുകയായിരുന്നു. ജൂലൈ 22നു വില പ്രഖ്യാപനത്തിനൊപ്പം ആദ്യ ബൈക്കുകളുടെ ഡലിവറിയും നടക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

ഡല്‍ഹിയിലും പുണെയിലുമാണ് ആര്‍ വി 400 ആദ്യം വിപണിയിലെത്തിക്കുക. തുടര്‍ന്നു നാലു മാസത്തിനകം രാജ്യതലസ്ഥാന മേഖല(എന്‍ സി ആര്‍)യിലും ബെംഗളൂരു, ഹൈദരബാദ്, നാഗ്പൂര്‍, അഹമ്മദബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് വില്‍പ്പനയ്‌ക്കെത്തും. റിബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണു ബൈക്ക് വിപണിയിലെത്തുന്നത്.

ബൈക്ക് ഒരുതവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ റിവോള്‍ട്ടിന്റെ വാഗ്ദാനം. ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഈ മൈലേജ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.

അതേസമയം പരമാവധി വേഗം മണിക്കൂറില്‍ 85 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിലെ ബാറ്ററി നാലു തരത്തില്‍ ചാര്‍ജ് ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത.

സോക്കറ്റ് ഉപയോഗിച്ചു ബൈക്ക് നേരിട്ടു ചാര്‍ജ് ചെയ്യാം; അതല്ലെങ്കില്‍ ബാറ്ററി ഊരിയെടുത്ത് സൗകര്യപ്രദമായ സ്ഥലത്തു കൊണ്ടു പോയി ചാര്‍ജ് ചെയ്യാം. കൂടാതെ റിവോള്‍ട്ട് സജ്ജീകരിക്കുന്ന ബാറ്ററി സ്വാപ് സെന്ററുകളിലെത്തി ചാര്‍ജ് തീര്‍ന്ന ബാറ്ററി കൈമാറി പകരം ചാര്‍ജ് നിറച്ച ബാറ്ററി മാറ്റിയെടുക്കാം. ഇതിനൊക്കെ പുറമെ റിവോള്‍ട്ടിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബാറ്ററി മാറ്റിയെടുക്കാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്.

15 ആംപിയര്‍ സോക്കറ്റ് വഴി നാലു മണിക്കൂറില്‍ താഴെ സമയം കൊണ്ടു ബൈക്കിലെ ലിതിയം അയോണ്‍ ബാറ്ററി പൂര്‍ണ തോതില്‍ ചാര്‍ജ് ചെയ്യാനാകുമെന്നാണു കമ്പനിയുടെ അവകാശവാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്‍ബലമുള്ള എല്‍ ടി ഇ കണക്റ്റഡ് മോട്ടോര്‍ സൈക്കിളില്‍ ഫോര്‍ ജി സിം കാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഭ്യമാണ്.വാഹനത്തിന്റെ മുന്‍ സസ്‌പെന്‍ഷന്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ്; മുന്നില്‍ ഡിസ്‌ക് ബ്രേക്കും ലഭ്യമാക്കിയിട്ടുണ്ട്.

പൂര്‍ണമായും എല്‍ ഇ ഡി ലൈറ്റുകളാണു ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. ഒരു ലക്ഷത്തിനടുത്ത തുകയാണ് ആര്‍വി 400 യുടെ വിപണി വിലയായി കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News