അത് തിരിച്ചറിയാന്‍ വിദ്വേഷത്തിന്റെ ഇരകളായവര്‍ക്കുമാത്രമേ കഴിയൂ; ശ്വേത ഭട്ടിന് ഐക്യദാര്‍ഢ്യം അറിയിച്ച് നിഷ്രിന്‍

 

 

ഇന്ത്യയില്‍ നീതിക്കായുള്ള പോരാട്ടം എത്രമാത്രം ഏകാന്തമാണെന്ന് തിരിച്ചറിയാന്‍ വിദ്വേഷത്തിന്റെ ഇരകളായവര്‍ക്കുമാത്രമേ കഴിയൂ…’ രാജ്യം നേരിടുന്ന ഭീതിജനകമായ അന്തരീക്ഷത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ കത്ത്.

2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ കലാപകാരികള്‍ ചുട്ടെരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന എഹ്‌സാന്‍ ജഫ്രിയുടെ മകള്‍ നിഷ്രിന്‍ ജഫ്രി ഹുസൈന്‍ ജയിലില്‍കഴിയുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയ്ക്കയച്ച കത്തിലാണ് ഇന്ത്യയിലെ പൊള്ളിക്കുന്ന സാമൂഹ്യയാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നത്. ഫെയ്‌സ്ബുക്കിലാണ് ശ്വേത ഭട്ടിന് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള കത്ത് നിഷ്രിന്‍ പോസ്റ്റ് ചെയ്തത്.

താന്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. സഞ്ജീവ് ഭട്ട് തീര്‍ത്തും ഏകാന്തമായ പാതയാണ് തെരഞ്ഞെടുത്തത്. ശ്വേതയ്ക്കും കുട്ടികള്‍ക്കും മുന്നോട്ടുള്ള ജീവിതം പ്രയാസകരമാണെന്നകാര്യം ഇതുവരെ മനസ്സിലായിട്ടില്ലെങ്കില്‍ ഓര്‍മിപ്പിക്കുകയാണെന്നും നിഷ്രിന്‍ കത്തില്‍ കുറിച്ചു.

കത്തിലെ പ്രസക്തഭാഗങ്ങള്‍

23ാം വയസ്സിലാണ് എന്റെ അമ്മ അഹമ്മദാബാദിലെത്തുന്നത്. 2002 ല്‍ 60 –ാം വയസ്സില്‍ ഒറ്റയ്ക്കായപ്പോള്‍ ചമന്‍പുരിലുടനീളം അവര്‍ സഹായമഭ്യര്‍ഥിച്ചു നടന്നു. ഒടുവില്‍ ഗാന്ധിനഗറിലുള്ള കുടുംബസുഹൃത്ത് മാത്രമാണ് സഹായിക്കാന്‍ സന്നദ്ധനായത്. നമ്മള്‍ വീടെന്നുകരുതുന്ന നാട്ടിലെ ജനങ്ങള്‍ നമ്മുടെ സഹായത്തിനെത്തിയെന്നുവരില്ല.

ദീര്‍ഘകാലം അച്ഛന്റെ സുഹൃത്തുക്കളായിരുന്ന പ്രശസ്തരും അടുക്കളയില്‍ ഒപ്പമിരുന്ന് ബിരിയാണി കഴിച്ചവരും അമ്മയെ സഹായിക്കാനെത്തിയില്ല. കൂടെ പ്രവര്‍ത്തിച്ച, തെരഞ്ഞെടുപ്പില്‍ മത്സരിച്ച, കോടതിയില്‍ ഒരുമിച്ച് കേസ് നടത്തിയ, റാലികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ആളുകളൊന്നും അമ്മയ്ക്ക് സഹായമായില്ല.

നിങ്ങളുടെ ഭര്‍ത്താവ് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ടും മികച്ച വിദ്യാഭ്യാസവും ആത്മാര്‍ഥതയും ഉള്ളതുകൊണ്ടും നീതിക്കായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന് ആളുകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് കരുതിയോ? എങ്കിലത് തെറ്റാണ്. ക്യാനഡയില്‍ മുന്‍ പാര്‍ലമെന്റ് അംഗം അതിദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയടക്കം 169 പേര്‍ പാര്‍ലമെന്റ് അടച്ചിട്ട് അവരുടെ വീട് സന്ദര്‍ശിക്കുകയും ആക്രമണത്തിനിരയായവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുകയുംചെയ്തിരുന്നു.

ഇന്ത്യയിലെ കോടീശ്വരന്മാരില്‍ മൂന്നുപേര്‍ ഗുജറാത്തില്‍നിന്നാണ്. ഇവരുടെ കുടുംബത്തിലെ സ്ത്രീകള്‍ ധാരാളം സാമൂഹ്യസേവനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍, നീതിക്കായി പോരാടുന്ന സ്ത്രീകളുടെ ഒപ്പം നില്‍ക്കാന്‍ അവര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ല. സാരിയുടുത്തുകൊണ്ടോ ഒരു പൊട്ടുതൊട്ടത് കൊണ്ടോ നിങ്ങളെ ഒരു മനുഷ്യജീവിയായി കാണുമെന്ന് വിചാരിക്കുന്നുണ്ടോ?

ഒരമ്മയായി, ഭാര്യയായി, മകളായി നിങ്ങള്‍ നടത്തുന്ന പോരാട്ടത്തിലവര്‍ പങ്കു ചേരുമെന്നാണോ കരുതിയത്. ഗുജറാത്തില്‍ ഒരു മതവിഭാഗത്തിനെ അവരുടെ വീടിനുള്ളില്‍നിന്ന് തുരത്തുകയാണ്. പരിക്കുപറ്റിയ കുട്ടികളുമായി അവര്‍ തെരുവിലലയുകയാണ്. ചിലര്‍ കത്തിക്കരിഞ്ഞ ജഡങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ പരതുകയാണ്. പണ്ട് മുസ്ലിം പ്രദേശവും ഇപ്പോള്‍ അഭയാര്‍ഥി ക്യാമ്പുകളുമായ സ്‌കൂളുകളുടെ തിണ്ണയിലിരുന്ന് ഉറക്കംകിട്ടാന്‍ കൊതിക്കുകയാണ്.

ഈ സമയത്ത് ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടുന്ന നിങ്ങള്‍ക്കൊപ്പം അവരുണ്ടാകുമെന്ന് കരുതിയോ? നിങ്ങളുടെ ഭര്‍ത്താവിന് സംഭവിച്ചത് ഇന്ത്യയിലല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും നീതിക്കായി തെരുവിലിറങ്ങിയേനെ. പക്ഷേ പ്രിയസുഹൃത്തേ, നിങ്ങള്‍ ഇന്ത്യയിലായിപ്പോയി. ഇവിടെ നമ്മള്‍ എല്ലാ ദിവസവും വെറുപ്പിന്റെപേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ ഇടയിലാണ് ജീവിക്കുന്നത്.

നമ്മള്‍ക്ക് ഒരു ദുരന്തം നേരിടേണ്ടിവരികയാണെങ്കില്‍ അത് മതത്തിന്റെ യും രാഷ്ട്രീയത്തിന്റെയും പേരിലുള്ള ദുരന്തമാകാതെ മറിച്ച് പ്രകൃതി ദുരന്തമാകണേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. നിങ്ങള്‍ക്കും നിങ്ങളുടെ നിശ്ചയദാര്‍ഢ്യമുള്ള ഭര്‍ത്താവ് സഞ്ജീവ് ഭട്ടിനും എന്റെ സ്‌നേഹവും പ്രാര്‍ഥനയുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here