മാല പൊട്ടിക്കാനെത്തിയ കള്ളനെ സിനിമാ സ്‌റ്റെലില്‍ തലയ്ക്കടിച്ചോടിച്ച് വീട്ടമ്മ

വെള്ളം കുടിക്കാനെന്ന വ്യാജേന കടയിലെത്തിയ മോഷ്ടാവിനെ തല്ലിയോടിച്ച് വീട്ടമ്മ. തിരുവനന്തപുരം പൊഴിയൂരിലെ വിരാലി പഞ്ചായത്ത് ഓഫീസിനടുത്ത് കച്ചവടം നടത്തുന്ന ഡാഫിനി അമ്മയാണ് മോഷ്ടാവിനെ സിനിമ സ്‌റ്റെലില്‍ അടിച്ച് ഓടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കടയില്‍ വെളുപ്പിന് കുപ്പി വെള്ളം വാങ്ങാനെന്ന വ്യാജേനയാണ് യുവാക്കള്‍ ബൈക്കിലെത്തിയത്. വെള്ളം വാങ്ങിയ ശേഷം 100 രൂപയുടെ നോട്ട് വീട്ടമ്മയ്ക്ക് നല്‍കി. ബാക്കി നല്‍കാനായി തിരിഞ്ഞപ്പോള്‍ കടയിലെത്തിയ യുവാവ് മാല പൊട്ടിക്കുകയായിരുന്നു. മോഷ്ടാവ് കൈക്കലാക്കും മുമ്പ് മാല പൊട്ടി നിലത്തു വീണു. നിനച്ചിരിക്കാതെയുണ്ടായ ആക്രമണത്തില്‍ പതറാതെ വീട്ടമ്മ ഉടന്‍ തന്നെ കൈയില്‍ കിട്ടിയ കുപ്പിയെടുത്ത് യുവാവിന്റെ തലയ്ക്കടിച്ചു. നിലത്തു വീണ മാല മോഷ്ടാക്കള്‍ കൈക്കലാക്കും മുമ്പ് വീട്ടമ്മ കാലുകൊണ്ട് തട്ടിമാറ്റുകയും ചെയ്തു.

അടി കൊണ്ട് ഇറങ്ങിയോടിയ യുവാവ് സുഹൃത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. അവസരോചിതമായി പെരുമാറിയതിനാല്‍ വീട്ടമ്മയ്ക്ക് മാല നഷ്ടമായില്ല. അതേസമയം പരാതി ഒന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും പൊഴിയൂര്‍ പൊലീസ് അറിയിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News