ജില്ലാ പഞ്ചായത്തിന്റെ ഇടിക്കൂട്; സംസ്ഥാനത്തെ ആദ്യ ബോക്സിംഗ് അക്കാദമി കൊല്ലത്ത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ബോക്സിംഗ് അക്കാദമിയുടെ തുടക്കം കൊല്ലത്ത് നിന്ന്. ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്തെ ആദ്യ സംരംഭം പെരിനാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടങ്ങിയത്. പൂര്‍ണ സജ്ജീകരണങ്ങളോടെയാണ് ഇടിക്കൂട് ഒരുക്കിയിട്ടുള്ളത്. ജൂലൈയില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അറിയിച്ചു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അമച്വര്‍ ബോക്സിംഗ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് അക്കാദമിയുടെ പ്രവര്‍ത്തനം. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ആകെ ചെലവായത്. 15 ലക്ഷം രൂപ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും 10 ലക്ഷം രൂപ മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിച്ചു.

ജില്ലയിലെ ഏത് സ്‌കൂളുകളിലേയും ബോക്സിംഗ് ആഭിമുഖ്യമുള്ള കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നേടാം. പരിശീലകനെ നിയമിച്ചു കഴിഞ്ഞു. കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ട്രെയിനറുടെ നേതൃത്വത്തില്‍ സെലക്ഷനും നടത്തും.
പൂര്‍ണമായും സൗജന്യമാണ് ട്രെയിനിംഗ്. കുട്ടികള്‍ക്കുള്ള ലഘുഭക്ഷണം ജില്ലാ പഞ്ചായത്ത് നല്‍കും. രാവിലെയും വൈകുന്നേരവുമായി അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.

മേല്‍ക്കൂരയുള്ള ബോക്സിംഗ് റിംഗ്, ഗ്ലൗസുകള്‍, ഹെഡ് ഗാര്‍ഡുകള്‍, പഞ്ചിംഗ് ഗ്ലൗസ്, പഞ്ചിംഗ് പാഡുകള്‍ തുടങ്ങിയ പരിശീലന വസ്തുക്കളെല്ലാം ഇവിടെയുണ്ട്. സാമ്പത്തിക സ്ഥിതി ഉള്‍പ്പടെ ഒരു ഘടകവും കായികാഭിരുചിയുള്ളവരുടെ പരിശീലനത്തിന് തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു സംരംഭം ഏറ്റെടുത്ത് നടപ്പിലാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.

ജില്ലയില്‍ നിന്നും മികവുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള അടിസ്ഥാന യൂണിറ്റായി ബോക്സിംഗ് അക്കാദമിയെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News