സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇനിമുതല്‍ ചെന്നൈയിലും

ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം, എംബസ്സി അറ്റസ്റ്റേഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെ.ടി.ഡി.സി റെയിന്‍ ഡ്രോപ്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഓഫീസില്‍ ലഭിക്കും.

കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസ്സി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. എച്ച്.ആര്‍.ഡി സാക്ഷ്യപ്പെടുത്തല്‍ ഒരാഴ്ച്ച കൊണ്ടും എംബസ്സി സാക്ഷ്യപ്പെടുത്തല്‍ ഒരു മാസം കൊണ്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മറ്റു രാജ്യങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഭാരത സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. കേരളത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക വഴിയാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്.

ചൈന്നൈയിലെ നോര്‍ക്ക ഓഫീസ് വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്താം. അസ്സല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും രണ്ടു പകര്‍പ്പും, പാസ്പോര്‍ട്ടിന്റെ അസ്സലും പകര്‍പ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകള്‍. എന്‍.ആര്‍.കെ ഡവലപ്പ്മെന്റ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തലുടന്‍ അസ്സല്‍ പാസ്പോര്‍ട്ട് തിരിച്ച് നല്‍കും. അപേക്ഷിച്ച് 10 ദിവസത്തിനം അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കും. ഇതിനു സര്‍വീസ് ചാര്‍ജായി 708 രൂപയാണ് ഈടാക്കുന്നത്. 200 രൂപ തപാല്‍ നിരക്കും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപ വീതവും നല്‍കണം. കേരളത്തില്‍ പഠിച്ചവരാണെങ്കില്‍ വിദേശകാര്യ മന്ത്രാലത്തിന്റെ സാക്ഷ്യപ്പെടുത്തലിനും നോര്‍ക്ക ഓഫീസില്‍ അപേക്ഷിക്കാം.

തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്നാട്ടിലാണ് എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ നടത്തേണ്ടത്. തമിഴ്നാട് സംസ്ഥാന സെക്രട്ടറിയേറ്റിലെ താഴത്തെ നിലയിലുള്ള ഇന്റര്‍നാഷണല്‍ അഫയേഴ്സ് വിഭാഗത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. തമിഴ്നാട്ടില്‍ പഠിച്ചവര്‍ക്കും എംബസ്സി അറ്റസ്റ്റേഷനായി നോര്‍ക്കയെ സമീപിക്കാം. ബഹ്റൈന്‍, കുവൈത്ത്, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ എംബസ്സി അറ്റസ്റ്റേഷനുള്ള സംവിധാനവും നോര്‍ക്ക ഓഫീസില്‍ ഏര്‍പ്പെടുത്തും. ഓരോ രാജ്യത്തിനും സര്‍വീസ് ചാര്‍ജ് വൃത്യസ്ത നിരക്കുകളിലായിരിക്കും. ഏതു സംസ്ഥാനക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാം.

എംബസ്സി സാക്ഷ്യപ്പെടുത്തല്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അമേരിക്ക, ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ 98 രാജ്യങ്ങളിലെ അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ചെന്നൈ ഓഫീസില്‍ നിര്‍വ്വഹിക്കാം. യു.എ.ഇ 3750 രൂപ, കുവൈറ്റ് 1250 രൂപ, ബഹ്റൈന്‍ 2750 രൂപ, ഖത്തര്‍ 3000 രൂപ എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളിലെ അറ്റസ്റ്റേഷന്റെ നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോള്‍ഫ്രീ നമ്പരിലും, 044-28293020 എന്ന നമ്പരിലും ബന്ധപ്പെടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News