ഖസാക്കിസ്ഥാനിലെ എണ്ണപാടത്ത് സംഘര്‍ഷം; മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി

ഖസാക്കിസ്ഥാനിലെ എണ്ണപാടത്ത് സംഘര്‍ഷം. മലയാളികളടക്കം നൂറ്റ് അമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹൈല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു.

ഖസാക്കിസ്ഥാനിലെ ഏറ്റവും വലിയ എണ്ണപാടമായ ടെങ്കീസിലാണ് ഇന്നലെ രാവിലെ മുതല്‍ തദേശിയരായ തൊഴിലാളികളും വിദേശ തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. എണ്ണപാടത്തിന്റെ പുറം കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായ ലെബനീസ് പൗരന്‍ ഏലീ ദൗദ് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ തുടര്‍ന്നാരംഭിച്ച വാക്ക് തര്‍ക്കം രൂക്ഷമായ ആക്രമണത്തിന് വഴിമാറി.

സഹപ്രവര്‍ത്തകയായ ഖസാക്കിസ്ഥാന്‍കാരിയുമായുള്ള ചിത്രമാണ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പോസ്റ്റ് ചെയ്തത്. ഇത് രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് തര്‍ക്കം. ലെബനീസ്,അറബ്,ജോര്‍ദാന്‍ വംശജര്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. തദേശിയര്‍ ജീവനക്കാരെ മുഴുവന്‍ എണ്ണപാടത്ത് ബന്ധിയാക്കി.

ജീവനക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ അറബ് നാടുകളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം പുറംലോകം അറിഞ്ഞു.30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയില്‍ നിന്നും രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്ന ജീവനക്കാരെ കൂട്ടം കൂടി ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് നൂറ്റ് അമ്പതിലേറെ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുകയാണന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു.ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്തെയ്ക്ക് കടക്കാന്‍ കഴിയുന്നില്ലെന്ന് കുടുങ്ങി കിടക്കുന്ന മലയാളികള്‍ അറിയിച്ചു. ഖസാക്കിസ്ഥാനിലെ ഇന്ത്യന്‍ എബസി ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ വേഗം പുറത്ത് എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേ സമയം സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാണന്ന് ഖസാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അവകാശവാദം.ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here