താരസംഘടന ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് മാറ്റിവെച്ചു

താരസംഘടന അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്ക്കാലം മാറ്റിവെച്ചു. ഡബ്ലിയുസിസി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും അടക്കമുളളവര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെയാണ് ഭേദഗതി മരവിപ്പിച്ചത്. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ഇനി നിയമാവലിയില്‍ മാറ്റം വരുത്തുകയെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ നിന്നും രാജിവച്ച അംഗങ്ങള്‍ക്ക് അംഗത്വ അപേക്ഷ നല്‍കി തിരികെ വരുന്നതില്‍ തടസ്സമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വ്വതിയും രേവതിയും ഉള്‍പ്പെടെയുളള വനിതാ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് ഭരണഘടനാ ഭേദഗതി തത്ക്കാലത്തേക്ക് മരവിപ്പിക്കാന്‍ അമ്മ തീരുമാനിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലെ പ്രധാന അജണ്ടയായി ഭേദഗതി നിശ്ചയിക്കുന്നതിന് മുന്പ് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ചോദിച്ചില്ലെന്ന് ഇവര്‍ ആരോപണം ഉന്നയിച്ചു. ഇതോടെ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയ ശേഷം മതി ഭരണഘടനാ ഭേദഗതിയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

രാജിവച്ച നടിമാര്‍ക്ക് അംഗത്വ അപേക്ഷ നല്‍കി നടപടിപ്രകാരം തിരികെ വരാം. ഇവര്‍ക്ക് അംഗത്വഫീസില്ലാതെ തിരികെ വരാന്‍ കഴിയണമെന്ന നടന്‍ മമ്മൂട്ടിയുടെ അഭിപ്രായം അംഗങ്ങള്‍ കയ്യടിച്ച് പാസ്സാക്കി. സംഘടനയില്‍ നിന്ന് സ്വയം ഇറങ്ങിയവര്‍ക്ക് തിരികെയെത്താന്‍ തടസ്സങ്ങളില്ലെന്നും വ്യക്തമാക്കി.

അന്തരിച്ച നടന്‍ തിലകനെ ‘അമ്മ’യുടെ അംഗമായിത്തന്നെ പ്രഖ്യാപിക്കണമെന്ന് യോഗത്തിനിടെ ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിലകനെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം എപ്പോഴും അമ്മയുടെ ഭാഗമാണെന്നുമായിരുന്നു അമ്മയുടെ മറുപടി. ഭരണഘടനാ ഭേദഗതിക്കുളള നിര്‍ദേശങ്ങളും ഡബ്ല്യുസിസി എഴുതി നല്‍കിയിട്ടുണ്ട്.ഏകപക്ഷീയമായി നിയമാവലി പൊളിച്ചെഴുതാനുളള അമ്മ എക്‌സിക്യുട്ടീവിന്റെ നീക്കമാണ് ഇതോടെ ഇല്ലാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News