ഖസാക്കിന്റെ ഇതിഹാസത്തിന് 50 വയസ്സ്; തസ്‌റാക്ക് ഗ്രാമത്തിന്റെ ഇരുപത് വര്‍ഷത്തെ അടയാളപ്പെടുത്തി ‘ഋതുക്കള്‍’; ഫോട്ടോ പ്രദര്‍ശനം ഇന്ന് സമാപിക്കും

ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ലോകമറിഞ്ഞ തസ്‌റാക്ക് ഗ്രാമത്തിന്റെ ഇരുപത് വര്‍ഷത്തെ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം. വിഖ്യാത നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തസ്‌റാക്കിലെ ഒവി വിജയന്‍ സ്മാരകത്തില്‍ ഋതുക്കള്‍ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഖസാക്കിന്റെ ഇതിഹാസത്തിലൂടെ തസ്‌റാക്കിന്റെ വഴികളിലൂടെ എത്രയോ വട്ടം മലയാളികള്‍ യാത്ര ചെയ്തിട്ടുണ്ട്. മലയാള സാഹിത്യ ചരിത്രത്തിലിടം പിടിച്ച തസ്‌റാക്കിനെ അറിയാന്‍ നേരിട്ടെത്തുന്നവര്‍ നിരവധി. അവര്‍ക്ക് മുന്നിലേക്കാണ് തസ്‌റാക്ക് നടന്നു തീര്‍ത്ത ഇരുപത് വര്‍ഷത്തെ ഫോട്ടോഗ്രാഫര്‍ പിവി സുജിത്ത് തന്റെ ക്യാമറക്കണ്ണിലൂടെ മായാത്ത ചരിത്രമായി ഒരുക്കി വെച്ചിരിക്കുന്നത്. ഖസാക്കിലെ കഥാപാത്രങ്ങള്‍ സഞ്ചരിച്ച കരിന്പനകള്‍ നിഴല്‍വീഴ്ത്തിയ നാട്ടുവഴികള്‍, ഓര്‍മകള്‍ ക്ലാവ് പിടിച്ച പഴയ ഞാറ്റുപുര. മുള്‍ച്ചെടികളാല്‍ ചുറ്റപ്പെട്ട ഞാറ്റുപുരയുടെ വര്‍ഷങ്ങള്‍ക്ക് മുന്പുള്ള ചിത്രം കാഴ്ചക്കാര്‍ കൗതുകത്തോടെയാണ് നോക്കി കണ്ടത്.
ഒന്നര പതിറ്റാണ്ട് മുന്പ് കാറ്റിലും മഴയ്ക്കുമൊപ്പം തകര്‍ന്നു വീണ ഏകാധ്യാപക വിദ്യാലയവും, അത് പുനര്‍മിച്ചതും, അറബിക്കുളവുമെല്ലാം തസ്‌റാക്കിന്റെ ഓര്‍മകളിലേക്ക് കാഴ്ചക്കാരെ പിന്നോട്ട് നടത്തുന്നു. ഇതിഹാസ കഥാകാരന്റെ അവസാന യാത്രയുടെ നിമിഷങ്ങളും പ്രദര്‍ശനത്തിലുണ്ട്.
1998 മുതല്‍ 2018 വരെ ദേശാഭിമാനി സീനിയര്‍ ഫോട്ടോഗ്രാഫറായ പിവി സുജിത്ത് പകര്‍ത്തിയ 40 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഇന്ന് സമാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News