നെല്ലിനങ്ങളുടെ സംരക്ഷകനായി മണ്ണിന്റെ കാവലാളായി ഒരു കര്‍ഷകന്‍; രാമേട്ടന്‍

ഗുജറാത്തില്‍ ഒമ്പത് കര്‍ഷകര്‍ക്കെതിരേ ലേയ്‌സ് കമ്പനി കേസു കൊടുത്തു, കമ്പനിയുടെ ഉരുളക്കിഴങ്ങുവിത്ത് കമ്പനിയുടെ തീട്ടൂരമില്ലാതെ കൃഷി ചെയ്തതിന്. ഒന്നര കോടി രൂപ നഷ്ടപരിഹാരം ചോദിച്ചായിരുന്നു കേസ്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പാക്കി കമ്പനി തടിയെടുത്തു ഈ കഥ നമുക്കറിയാം. എങ്കില്‍, ചെറുവയല്‍ രാമനെയും നമ്മളറിയണം.

വയനാട്ടിലെ ജീന്‍ ബാങ്കര്‍. മൂന്നേക്കര്‍ നിലംമാത്രമുള്ള കൃഷിക്കാരന്‍. ഈ മനുഷ്യന്‍ നടത്തുന്നത് കൃഷിയല്ല. വിത്തുല്പാദനമാണ്. 52 നെല്‍ വിത്തുകള്‍ രാമേട്ടന്റെ വയലുകളിലുണ്ട്. രണ്ടോ മൂന്നോ സെന്റില്‍ ഓരോ വിത്തും ഓരോ പൂവിലും നടന്നു. അങ്ങനെ ആ വിത്തുകളെ രക്ഷിക്കുന്നു. 19 കൊല്ലമായി ഇതാണ് രാമേട്ടന്റെ ജീവിതം.

ഏതു കൃഷിക്കാരനും രാമേട്ടന്‍ വിത്തു കൊടുക്കും. ഒരു പൈസ പോലും വില വാങ്ങാതെ. ഒറ്റ വ്യവസ്ഥയേ ഉള്ളൂ കൊയ്യുമ്പോള്‍ വിത്തു തിരിച്ചു കൊടുക്കണം അതോ, വാങ്ങിയേടത്തോളം മാത്രം! ഇങ്ങനെയാണ്, ചെറുവയല്‍ രാമന്‍ ലേയ്‌സ് കമ്പനിയുടെ വിത്തു നയത്തിനെതിരായ ജീവിക്കുന്ന പ്രതീകമാകുന്നത്. പത്താം വയസ്സില്‍ ജീവിക്കാന്‍ കൃഷിക്കാരനായതാണ് രാമേട്ടന്‍. 69 വയസ്സുവരെ കൃഷികൊണ്ടു ജീവിച്ചു. ഉറുപ്പിക-അണ-പൈസക്കണക്കില്‍ ജീവിതം നഷ്ടമായല്ലോ എന്നു പറയുന്നവരോട് ഇദ്ദേഹം ചിരിക്കും.

അഞ്ചാം ക്ലാസില്‍ പഠിപ്പുനിന്നുപോയ ഈ ഗ്രാമീണനില്‍നിന്നു പഠിക്കട്ടെ, ലോകം വിഴുങ്ങാനുള്ള അത്യാര്‍ത്തിയുമായി ചുരമാന്തിയലറുന്ന കാര്‍ഷിക കോര്‍പ്പറേറ്റുകള്‍! രാമേട്ടന്‍ എങ്ങനെ മറ്റൊരാളാകും? തലയ്ക്കല്‍ ചെറിയ രാമന്‍ എന്നാണ് ഈ മനുഷ്യന്റെ മുഴുവന്‍ പേര്. വയനാടന്‍ കാടുകളില്‍ വെള്ളപ്പട്ടാളത്തെ കിടുകിടെ വിറപ്പിച്ച, ചതിയില്‍ മാറ്റാന്റെ പിടിയിലായി വീരമരണം വരിച്ച, കുറിച്യപ്പടനായകന്‍ തലയ്ക്കല്‍ ചന്തുവിന്റെ അനന്തരവന്‍. നല്ല കര്‍ഷകനുള്ള കൈരളിയുടെ 2019 ലെ കതിര്‍ പുരസ്‌കാരം, വയനാടന്‍ വയലുകളിലെ ബദല്‍ കാര്‍ഷികനയത്തിന്റെ ഈ നിശ്ശബ്ദവിപ്ലവത്തിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here