പ്രളയം വന്നാലും, വരള്‍ച്ച വന്നാലും കൃഷി മരിക്കില്ലെന്ന് പഠിപ്പിച്ച വീട്ടമ്മ; റോസി

കാലം മാറുകയാണ്, കാലാവസ്ഥയും. കാര്‍ഷികകേരളം മാറി മറിഞ്ഞു. കൃഷി മറന്നാലേ നമ്മള്‍ രക്ഷപ്പെടൂ പുതിയ കേരളത്തെ വിഴുങ്ങുന്ന ആശങ്കയാണിത്. അതിന് മറുപടിയുമായി വരുന്നത് റോസി ഇമ്മാനുവേലാണ്. ചേര്‍ത്തലയില്‍ നിന്നൊരു കൃഷിക്കാരി. പ്രളയം വന്നാലും, വരള്‍ച്ച വന്നാലും കൃഷി മരിക്കില്ല എന്നാണ് ഈ കാര്‍ഷികജീവിതം സാക്ഷ്യപ്പെടുത്തുന്നത്. ശാസ്ത്രീയമായ സമ്മിശ്രകൃഷിയാണ് റോസിയുടേത്.

ഒരിടത്ത് കൃഷി, ഒപ്പം പക്ഷികളെയും മൃഗങ്ങളെയും മീനുകളെയും പോറ്റല്‍. പറമ്പിലെയും കൃഷിയിടത്തിലെയും വിളവിലൊരു പങ്ക് പക്ഷിമൃഗാദികള്‍ക്ക്. തൊഴുത്തിലും കൂട്ടിലും കുളത്തിലുംനിന്നു കിട്ടുന്ന ജൈവവാവശിഷ്ടങ്ങള്‍ കൃഷിക്ക്. ഒരു കാലപ്പിഴയ്ക്കും ഈ ജൈവശൃംഖല തകര്‍ക്കാനാകില്ല. കഴിഞ്ഞ പ്രളയത്തെ, പിന്നാലേ വന്ന ചൂടിനെ റോസിയുടെ കൃഷിയിടം അങ്ങനെയാണ് മറികടന്നത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദധാരിയായിട്ടും കൃഷി ജീവിതമാര്‍ഗ്ഗമാക്കിയ വീട്ടമ്മയ്ക്ക് കൃഷിയുടെ സാമ്പത്തികശാസ്ത്രം ഒരിക്കലും തെറ്റുന്നില്ല. ചേര്‍ത്തല പോലൊരു വെള്ളമണല്‍പ്രദേശത്ത് വെറും ഒന്നര ഏക്കറിലാണ് ഇതെല്ലാം. മൂന്നേമൂന്നു ജോലിക്കാരേയുള്ളൂ. ഒന്ന് റോസി.

രണ്ട് ഭര്‍ത്താവ് ഇമ്മാനുവേല്‍. മൂന്ന് മകന്‍ ജോര്‍ജ്ജ്. പുലര്‍ച്ചെ 5 മുതല്‍ രാത്രി 11 വരെ ജോലി ചെയ്യുന്ന കുടുംബം. ടീം കല്ലുപുരയ്ക്കലിന്റ ലീഡര്‍ റോസി. എന്നാലും, ഒന്നര ഏക്കറിന്റെ വിശാലതയില്‍ മൂന്നേ മൂന്നു പേര്‍ പണിയെടുത്താല്‍ മതിയോ? ധാരാളം. അതിന് ശാസ്ത്രം തുണ നില്ക്കും. കൃഷിപ്പണി എളുപ്പമാക്കുന്ന ‘തുള്ളിനന’ പോലുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങളെ വരവേല്‍ക്കൂ.
കേരളത്തിന്റെ ഉത്കര്‍ഷേച്ഛയുടെ പ്രതീകമാണ് റോസി ഇമ്മാനുവേല്‍.

നവകേരളം ഒരു അസാധ്യസ്വപ്നമല്ല. എത്തിച്ചേരാനാകുന്ന ലക്ഷ്യമാണ്. പ്രളയത്തിനും വരള്‍ച്ചയ്ക്കും കീഴെ, പരിമിതികള്‍ക്കും വെല്ലുവിളികള്‍ക്കും മുന്നില്‍ നമ്മള്‍ അതു പണിതെടുക്കും എന്നു സാക്ഷ്യപ്പെടുത്തുന്നു ഈ 65കാരി. മികച്ച കൃഷിക്കാരിക്കുള്ള 2019ലെ കതിര്‍ പുരസ്‌കാരം റോസി ഇമ്മാനുവേല്‍ എന്ന കാലമറിയുന്ന കൃഷിക്കാരിക്ക്, പണിയെടുക്കുന്ന വിദ്യാസമ്പന്നയ്ക്ക്, വീടിനെ നയിക്കുന്ന വീട്ടമ്മയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News