രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നാളെ; പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ കടം എ‍ഴുതിത്തള്ളണം, റബ്ബറിന്‍റെ താങ്ങുവില ഉയർത്തണം, കേരളത്തിന് എയിംസ് അനുവദിക്കണം എന്നിവയും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമാന്ദ്യവും ഗൾഫിൽ നിന്നുള്ള പണം കേരളത്തിലെയ്ക്ക് എത്തുന്നത് കുറഞ്ഞതും സംസ്ഥാനത്തിന്‍റെ സമ്പത്ത്ഘടനയെ സാരമായി ബാധിച്ചു. ഒപ്പം പ്രളയം വിതച്ച ദുരിതവും. ഈ സാഹചര്യത്തിലാണ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന്‍റെ മുന്നിൽ വച്ചിരിക്കുന്നത്. നിലവിലെ മൂന്ന് ശതമാനം എന്ന വായ്പാ പരിധി നാലര ശതമാനമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

കർഷകരുടെ കടങ്ങൾ എ‍ഴുതിത്തള്ളുക, റബ്ബറിന്‍റെ താങ്ങുവില ഉയർത്തുക, കാർഷിക മേഖലയ്ക്ക് കൂടുതൽ വായ്പ അനുവദിക്കുക എന്നിവയാണ് കാർഷികമേഖലയിൽ സംസ്ഥാനം ആവശ്യപ്പെടുന്നത്. കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണം, നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ തുക അനുവദിക്കണം എന്നും സംസ്ഥാന നിവേദനത്തിൽ ഉൾപ്പെടുന്നു.

ചെന്നൈ–ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിന് നീട്ടണം, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ രണ്ട് അധിക റയില്‍ ലൈനിന് അനുമതിനൽകണം, തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കുന്നതിന് സഹായം എന്നിവയും കേരളം ആവശ്യപ്പെടുന്നു. ദേശീയപാതാ വികസനം, ചെറുകിട വ്യവസായ മേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളം എന്നിവയ്ക്ക് അനുകൂല തീരുമാനമുണ്ടാകുമോ എന്നും കേരളം ഉറ്റ് നോക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here