ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി; സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കും

തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി സമവായത്തിലൂടെ നടപ്പാക്കും. പള്ളികളില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. വിധി നടപ്പിലാക്കുമ്പോള്‍ പള്ളികളില്‍ ക്രമസമാധാന പ്രശ്നമോ അടച്ചുപൂട്ടുന്ന നിലയോ ഉണ്ടാക്കാതെ പ്രവര്‍ത്തിക്കണമെന്നാണ്.

അതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരുസഭകളിലുംപെട്ട സമാധാനകാംക്ഷികളായവരുമായി സര്‍ക്കാര്‍ പല ആവര്‍ത്തി സമവായ സംഭാഷണങ്ങള്‍ നടത്തുകയുണ്ടായി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അങ്ങനെ നടപ്പിലാക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് നടത്താറുള്ളതെന്നും അദ്ദേനം വ്യക്തമാക്കി.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിക്കുന്ന ഹര്‍ജി സുപ്രീംകോടതിയില്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കാനാവില്ല എന്ന കാര്യം സുപ്രീംകോടതി ആ അവസരത്തില്‍ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിക്കുന്ന ഹര്‍ജി ഹര്‍ജിക്കാരന്‍ പിന്‍വലിക്കുകയും ചെയ്ത സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്. കോടതി ഇത് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഏതു വിധിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുപ്രീംകോടതി വിധി അതില്‍ പറയുന്ന പ്രകാരവും കേസിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ടും സമാധാനപരമായി നടപ്പിലാക്കാനാണ് എക്കാലത്തും സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ഒരു വിധിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇക്കാര്യത്തിലും സുപ്രീംകോടതി വിധി കഴിയുന്നത്ര സമാധാനപരമായും സമവായത്തോടും നടപ്പിലാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടായിരിക്കും നടപ്പിലാക്കുക എന്നും അദ്ദേഹം ആന്റണി ജോണ്‍ എം എല്‍ എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി സഭയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News