മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകം; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല: മുഖ്യമന്ത്രി

മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.  ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വലിയ ഒരു പ്രത്യേകത അത് നീതി നിര്‍വഹണാധികാരം ഒരു കൂട്ടമാളുകള്‍ നിയമവിരുദ്ധമായി കൈയേല്‍ക്കുന്നു എന്നതാണ്.

സമൂഹത്തില്‍ അധീശാധികാരമുള്ള ഒരു വരേണ്യവിഭാഗം അവരുടെ താല്‍പര്യ നിര്‍വഹണത്തിനായി വിയോജന നിലപാടുകളുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള ഉപാധിയായി ഇതിനെ മാറ്റുന്നു. ഒരു നീതിന്യായ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സമൂഹത്തിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ലെന്നും ആൾക്കൂട്ട കൊലപാതകത്തിനെതിരെ അവതരിപ്പിച്ച  പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ പലയിടത്തും അടുത്തകാലത്ത് ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നതും തങ്ങള്‍ക്ക് തോന്നുംപ്രകാരം നിയമവിരുദ്ധമായി തങ്ങളുടെ താല്‍പര്യങ്ങള്‍ നിര്‍ബാധം നടത്തിയെടുക്കുന്നതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടുപോകുന്നതും നാം കാണുന്നു. ഇത് ആശങ്കാജനകമായ ഒരു തലത്തിലേക്ക് വളര്‍ന്നുനില്‍ക്കുന്നു ഇന്ന്.
നിരപരാധികളെ തെറ്റുചെയ്തെന്നു മുദ്രയടിച്ച് കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ജനാധിപത്യ-നീതിന്യായ-ക്രമസമാധാന സംവിധാനങ്ങള്‍ സമ്പൂര്‍ണമായി തകരും. മനുഷ്യാവകാശങ്ങള്‍ മുതല്‍ പൗരാവകാശങ്ങള്‍ വരെ ഇല്ലാത്ത അതിപ്രാകൃതമായ ഒരു അന്ധകാര യുഗത്തിലേക്ക് നാം നിപതിക്കും.

ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ദുര്‍ബലജനവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷത്തിനും ദളിത് വിഭാഗങ്ങള്‍ക്കും ജീവിതം സുരക്ഷിതമല്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തും വിധമുള്ള നിരവധി സംഭവങ്ങളുണ്ടായി. എല്ലാവരെയും ഉള്‍ക്കൊണ്ടുപോവുക എന്നതിനു പകരം വൈവിധ്യങ്ങളെ അടിച്ചമര്‍ത്തി മുമ്പോട്ടുപോവുക എന്ന പ്രവണത വര്‍ധിച്ചു.

ഇരുപത്തിരണ്ടുകാരനായ തബ്രേസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതാണ് ഈയടുത്തിടെ ജാര്‍ഖണ്ഡില്‍ കണ്ടത്. തബ്രേസ് അന്‍സാരിയെ ‘മറ്റൊരു മതത്തിന്‍റെ ആരാധനാമൂര്‍ത്തിക്ക് ജയ്’ എന്നു വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ഓരോ പ്രാവശ്യം വിളിച്ചുകഴിയുമ്പോഴും വീണ്ടും വിളിക്കാനായി പൊതിരെ തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്നുവര്‍ഷത്തിനിടയില്‍ ജാര്‍ഖണ്ഡില്‍ മാത്രം ഉണ്ടായിട്ടുള്ള 18-ാമത്തെ ആള്‍ക്കൂട്ട കൊലയാണ് തബ്രേസ് അന്‍സാരിയുടേത്.

2014നുശേഷം ആള്‍ക്കൂട്ട കൊലപാതകം മുമ്പത്തേതിനേക്കാള്‍ നാലിരട്ടി വര്‍ധിച്ചുവെന്നാണ് കണക്ക്. അവയില്‍ ഭൂരിഭാഗവും ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തിയിട്ടുള്ളതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ 2010ല്‍ അഞ്ചുശതമാനമായിരുന്നത് 2017 ആകുമ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ആ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 25 പേരാണ്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിക്കുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അമ്പതു വയസ്സുകാരനായ മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയത്. 2014നുശേഷം വ്യാപകമായ ആള്‍ക്കൂട്ട കൊലപാതക പരമ്പരയുടെ തുടക്കം അവിടെയായിരുന്നു.

അഖ്ലാഖിനെ വധിച്ച കേസിലെ പ്രതി ജയിലില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തെ ദേശീയപതാക പുതപ്പിച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. അതേസമയം അഖ്ലാഖിന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും അഖ്ലാഖിനെ ആക്രമിച്ച 15 പേര്‍ക്ക് എന്‍ടിപിസിയില്‍ തൊഴില്‍ നല്‍കുകയും ചെയ്തു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായവര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, അവര്‍ക്ക് അധികാരസ്ഥാനങ്ങളില്‍നിന്ന് പ്രോത്സാഹനം ലഭിക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

പെഹ്ലൂഖാന്‍റെ കേസിലാണെങ്കില്‍ – ജയ്പൂര്‍ മേളയില്‍നിന്ന് പശുക്കളെ വാങ്ങിയതിന്‍റെ രസീത് ഉണ്ടായിരുന്നിട്ടു കൂടി – അദ്ദേഹത്തിന്‍റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തെ കൊന്ന പ്രതികള്‍ മുഴുവന്‍ രാജസ്ഥാനില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ തങ്ങള്‍ക്കുള്ള അധികാരം വ്യക്തമാക്കാനും പൊതുസമൂഹത്തില്‍ അവര്‍ക്ക് സ്ഥാനമില്ല എന്ന് ഉറപ്പിക്കാനുമുള്ള സങ്കുചിത-വര്‍ഗീയ ശക്തികളുടെ ഉപാധിയാണ് ആള്‍ക്കൂട്ട കൊലകള്‍ എന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സദാചാര കൊലപാതകങ്ങളും ദുരഭിമാനഹത്യയും നടക്കുന്നത് ഈ ദുരവസ്ഥയുടെ തീവ്രത വര്‍ധിപ്പിക്കുന്നു.

ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന വിധത്തില്‍ നിയമം കൈയിലെടുക്കുന്ന നടപടി ഉല്‍ക്കണ്ഠ ഉളവാക്കുന്നു എന്നു പറഞ്ഞുകൊണ്ട് സുപ്രീംകോടതി തന്നെ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. മറ്റു നിയമവിരുദ്ധ സംഘടനകളെ പോലെ ഗോരക്ഷാ സംഘങ്ങളെ എന്തുകൊണ്ട് നിരോധിച്ചുകൂട എന്നാണ് സുപ്രീംകോടതി ആരാഞ്ഞത്.

അധികാരത്തിന്‍റെയും പണത്തിന്‍റെയും പിന്‍ബലമുണ്ടെങ്കില്‍ നിയമം കൈയിലെടുക്കാമെന്നും ആരെയും എന്തും ചെയ്യാമെന്നുമുള്ള ചിന്ത രാജ്യത്ത് വളരുന്നത് രാഷ്ട്രസുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്. ഇന്ത്യയുടെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കാനും ഓരോ ഇന്ത്യക്കാരന്‍റെയും സുരക്ഷിതത്വം ഉറപ്പുവരുത്താനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. എല്ലാ മനുഷ്യരുമൊന്നാണ് എന്ന ചിന്ത പരക്കെ ഊട്ടിയുറപ്പിച്ചുകൊണ്ടു മാത്രമേ വര്‍ഗീയ വിദ്വേഷത്തെയും അത് സൃഷ്ടിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ഇല്ലാതാക്കാനാവൂ.

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’ ചൂണ്ടിക്കാട്ടിത്തന്ന ശ്രീനാരായണ ഗുരുവിന്‍റെ നാടായ കേരളത്തിന് ഇന്ത്യയ്ക്കാകെ മനുഷ്യത്വത്തിന്‍റേതായ, വിവേകത്തിന്‍റേതായ, സ്നേഹ സാഹോദര്യങ്ങളുടേതായ വഴി പറഞ്ഞുകൊടുക്കാന്‍ പ്രത്യേകമായ ഉത്തരവാദിത്വമുണ്ട്. എല്ലാവരും ആത്മസഹോദരര്‍ എന്ന സന്ദേശം മനുഷ്യരാശിക്കു നല്‍കിയ നാടാണിത്. ആ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും ആള്‍ക്കൂട്ട കൊലപാതകം പോലെയുള്ളവയ്ക്കെതിരെ ചിന്തയുടെയും കര്‍മത്തിന്‍റെയും രംഗത്ത് ഇറങ്ങാതിരിക്കാനാവില്ല. ഫാസിസത്തിന്‍റെ കരിനിഴലുകള്‍ നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ വീഴുന്നതിന്‍റെ ലക്ഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ല.

ആള്‍ക്കൂട്ട കൊലപാതകം എന്ന മനുഷ്യത്വവിരുദ്ധമായ നിഷ്ഠൂ രതയ്ക്കെതിരെ ഈ  സഭ ഏകകണ്ഠമായി പ്രതിഷേധിക്കുന്നു. ഈ പ്രാകൃതത്വം അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രമേയത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News