വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഘം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വിദ്യാര്‍ഥികള്‍ പഠിക്കുന്നത് സംഘപരിവാര്‍ ഉടമസ്ഥതയിലുള്ള കോളേജില്‍

മംഗളൂരു: പുത്തൂരില്‍ ദളിത് വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഘം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

സംഘപരിവാര്‍ ഉടമസ്ഥതയിലുള്ള പുത്തൂര്‍ വിവേകാനന്ദ കോളെജ് വിദ്യാര്‍ഥികളായ ബജത്തൂര്‍, ഖാണത സ്വദേശി ഗുരുനന്ദന്‍(19), ബണ്ട്വാള്‍ പെര്‍ണ രാജശ്രീ കൃപയിലെ പ്രജ്വാള്‍ (19), പെര്‍ണ കഡംബുവിലെ കിഷന്‍(19), പുത്തൂര്‍ ആര്യാപ്പു പിലിഗുണ്ടെയിലെ സുനില്‍ (19), ബണ്ട്വാള്‍ ബരിമാര്‍ ബല്ല്യയിലെ പ്രഖ്യാത്(19) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളെജില്‍ നിന്ന് സസ്പെന്റ് ചെയ്തു.

മാര്‍ച്ച് മാസത്തില്‍ കോളേജില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സുനില്‍ കാറില്‍ കയറ്റി കൊണ്ടു പോയി. വഴിയില്‍ വെച്ച് മറ്റ് പ്രതികളും ഇവരോടൊപ്പം ചേര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തി പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഘത്തിനിരയാക്കി. മറ്റുള്ളവര്‍ പീഡിപ്പിക്കവെ പ്രതികളിലൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

പ്രതികള്‍ മയക്കു മരുന്നു ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. പെണ്‍കുട്ടിക്ക് മയക്കുമരുന്നു നല്‍കിയിരുന്നൊ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ കന്നട പൊലീസ് സൂപ്രണ്ടന്റ് ബി എം ലക്ഷ്മി പ്രസാദ് അറിയിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായ പ്രതികള്‍. അന്യമതത്തില്‍പ്പെട്ട യുവാക്കള്‍ ഹിന്ദു സമുദായത്തില്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നാരോപിച്ച് എബിവിപി നടത്തിയ പ്രതിഷേധ സമരങ്ങളിലും പ്രതികള്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്രചരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ദൃശ്യങ്ങള്‍ കൈവശം വെക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്താല്‍ പൊലീസ് സ്വമേധയ കേസെടുക്കുമെന്ന് എസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News