സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം; ബിജെപി നേതാവിനെതിരെ കേസെടുത്തു

സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടനെതിരെ പോലീസ് കേസെടുത്തു. ഐപിസി 354,376,342 വകുപ്പുകള്‍ പ്രകാരം കൊല്ലം കുണ്ടറ പോലീസാണ് കേസെടുത്തത്. അതേസമയം കേസില്‍ ബിജെപി നേതാക്കള്‍ നെടുമ്പന ഓമനകുട്ടനെ സംരക്ഷിക്കാന്‍ നീക്കം തുടങ്ങി.

തന്നെ ബിജെപി നേതാവ് നെടുമ്പന ഓമനകുട്ടന്‍ പീഡിപ്പിച്ചുവെന്നുകാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സൈനികന്റെ ഭാര്യ ഈ മെയിലിലൂടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കുണ്ടറ പോലീസ് സ്ത്രീ പീഡനം, ബലാല്‍സംഘം, ബലം പ്രയോഗിച്ച് തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടനെതിരെ കേസെടുത്തത്.

പീഡന ശ്രമം നടന്നത് കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കണ്ണനല്ലൂര്‍ പോലീസ് സൈനികന്റേയും ഭാര്യയുടേയും പരാതിയും തുടരന്വേഷണവും കുണ്ടറ പോലീസിനു കൈമാറുകയായിരുന്നു.വിദേശത്തുള്ള യുവതിയുടെ മൊഴിയും കണ്ണനല്ലൂര്‍ പോലീസ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തി.

കേസ് എടുത്ത സാഹചര്യത്തില്‍ യുവതിയെ നാട്ടിലേക്കെത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചു. മെജിസ്‌ട്രേറ്റിനു മുന്നില്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കുന്നതിനും വൈദ്യ പരിശോധനയ്ക്കു വിധേയമാകുന്നതുള്‍പ്പടെയുള്ള തുടര്‍ നടപടികളാണിനി പൂര്‍ത്തിയാക്കാനുള്ളത്.

അതേ സമയം നെടുമ്പന ഓമനകുട്ടനെ സംരക്ഷിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം നീക്കം തുടങി കുണ്ടറ പോലീസ് സ്റ്റേഷനില്‍ എത്തിയ ബിജെപി നേതാക്കള്‍ നെടുമ്പന ഓമനകുട്ടന്‍ നിരപരാധിയാണെന്നു വാദിച്ചു. എന്നാല്‍ നെടുമ്പന ഓമനകുട്ടന്‍ തനിക്ക് തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും സൈനികനോട് അപേക്ഷിക്കുന്ന ശബ്ദരേഖ കൈരളി ന്യൂസ് പുറത്തു വിട്ടതോടെ ബിജെപി ക്യാമ്പ് പ്രതിരോധത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News