മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലത്തിനും കശുവണ്ടിമേഖലയ്ക്കും അവഗണന

മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലത്തിനും കശുവണ്ടിമേഖലയ്ക്കും അവഗണന. കൊല്ലത്തിന്റെ ജീവനാടിയായ കശുവണ്ടിമേഖലയുടെ ക്ഷേമത്തിനായി പാക്കേജ് നടപ്പാക്കുമെന്ന് പറഞ്ഞ് വോട്ടുതേടി അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് ഏര്‍പ്പെടുത്തിയ 2.5 ശതമാനം ചുങ്കം പുര്‍ണമായി ഒഴിവാക്കണമെന്ന തൊഴില്‍ മേഖലയുടെ ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിച്ചില്ല. ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപരിപ്പിന്റെ നികുതി 45 ശതമാനത്തില്‍നിന്ന് 70ആയി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റില്‍ കശുവണ്ടി മേഖലയ്ക്കുള്ള ഏക ആശ്വാസം.

തോട്ടണ്ടിയുടെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന കശുവണ്ടി മേഖലയ്ക്ക് കനത്ത ആഘാതം സ്യഷ്ടിച്ച് ആദ്യ മോഡി സര്‍ക്കാരാണ് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. 2016- 17 ബജറ്റില്‍ 5 % ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.തോട്ടണ്ടിയുടെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന കശുവണ്ടി മേഖലയ്ക്ക് കനത്ത ആഘാതമായിരുന്നു ഈ തീരുമാനം.

ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുന്നതോടെ തോട്ടണ്ടി വില വര്‍ദ്ധിക്കുമെന്നും കശുവണ്ടി മേഖല കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ തോട്ടണ്ടിയുടെ ഉയര്‍ന്ന ഇറക്കുമതി വിലയ്ക്ക് കാരണം ഹവാല ഇടപാടുകളാണെന്നും, ഇറക്കുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അന്ന് കൊല്ലത്തെ ജനപ്രതിനിധി ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയതോടെ അഡീഷണല്‍ ഡ്യൂട്ടിയുള്‍പ്പെടെ ഇറക്കുമതിച്ചുങ്കം 9.36% ആക്കി.ഇതെത്തുടര്‍ന്ന് കശുവണ്ടി ഉത്പാദന വില ഉയരുകയും വ്യവസായം വന്‍ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വീണ്ടും 5% ആയും തുടര്‍ന്ന് 2.50 ശതമാനമായും ഇറക്കുമതിച്ചുങ്കം കുറച്ചുവെങ്കിലും തകര്‍ച്ചയില്‍ നിന്നും പൂര്‍ണ്ണമായി കര കയറുവാന്‍ ഇതുവരെ കശുവണ്ടി മേഖലയ്ക്കായിട്ടില്ല . ഇറക്കുമതി ചുങ്കം പൂര്‍ണമായും ഒഴിവാക്കണമെന്ന കശുവണ്ടി മേഖലയുടെ ഒന്നടങ്കമുള്ള ആവശ്യത്തെയാണ് ഇത്തവണയും സര്‍ക്കാര്‍ അവഗണിച്ചത്.

കശുവണ്ടിപരിപ്പ് ഇറക്കുമതിചുങ്കം 45 ല്‍ നിന്ന് 70 ശതമാനമായി വര്‍ധിപ്പിച്ചത് അല്‍പം ആശ്വാസം മാത്രമാണ് മേഖലയ്ക്ക് ഉണ്ടാക്കുക. കാലിത്തീറ്റ എന്ന പേരില്‍ പ്രത്യേക സാമ്പത്തികമേഖല വഴി എത്തുന്ന പരിപ്പിനും ബോര്‍മ പരിപ്പിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. പരമ്പരാഗത തൊഴില്‍ മേഖലയിലെ ഉണര്‍വില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കൊല്ലം ജനതയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ് ബജറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News