ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കിണറ്റില്‍ വീണു; യുവാവ് പുറം ലോകം കാണുന്നത് 2 ദിവസത്തിന് ശേഷം

വീടിനോട് ചേർന്നുള്ള കിണറിന്റെ അരികിൽ ഇരുന്നു ഫോൺ ചെയ്തു കൊണ്ടിരിക്കുമ്പോൾ കിണറ്റില് വീണു പോയാൽ ഉള്ള അവസ്ഥ സിനിമകളിലും ടിക് ടോക് വീഡിയോകളിലും കണ്ട് ചിരിക്കുന്നവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ അത്തരം സംഭവം നടന്നാൽ സംഗതി അത്ര രസകരമാകില്ലെന്നതാണ് കൊഞ്ചിറ നാല്മുക്ക് വിളയിൽ വീട്ടിൽ പ്രദീപന്റെ അനുഭവം പറയുന്നത്. വീടിനോട് ചേർന്നുള്ള കിണറിന്റെ ആൾ മറയുടെ തൂണിൽ ചാരിയിരുന്നു ഫോണിൽ സംസാരിക്കുകയായിരുന്ന പ്രദീപ് കിണറ്റിലേക്ക് അബദ്ധത്തിൽ വീണു പോവുകയായിരുന്നു. എന്നാൽ പ്രദീപ് കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല. ആരുമറിയാതെ രണ്ടു രാത്രിയും ഒന്നര പകലുമാണ് കിണറ്റിൽ കഴിഞ്ഞത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.

അവിവാഹിതനായ പ്രദീപും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം. സംഭവ ദിവസം അമ്മ ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. സന്ധ്യയോടെ വീട്ടിലെ കിണറിന്റെ തൂണില്‍ ചാരിയിരുന്നു ഫോണ്‍ ചെയ്യുകയായിരുന്നു പ്രദീപ്. പെട്ടന്ന് കിണറിന്റെ തൂണൊടിഞ്ഞ‌് പ്രദീപ് കിണറ്റിൽ വീഴുകയായിരുന്നു. അമ്മ വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രദീപ് കിണറ്റിൽ വീണ കാര്യം പുറം ലോകം അറിഞ്ഞതുമില്ല. വീഴ‌്ചയിൽ കൈക്ക‌് പരിക്കേറ്റതിനാൽ പ്രദീപിന‌് സ്വയം മുകളിലേക്ക‌് കയറാനുമായില്ല. 44 മണിക്കൂറോളം കിണറിനുള്ളിൽ രക്ഷപെടാൻ മാര്ഗമില്ലാതെ പ്രദീപ് കുടുങ്ങിക്കിടന്നു.

ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തുകൂടി കടന്നുപോയവരാണ് കിണറിനുള്ളിൽ നിന്നും ശബ്ദം കേട്ട് വന്നു നോക്കിയത്. ഈ സമയമത്രയും തൊട്ടിയില് പിടിച്ചു നില്ക്കുകയായിരുന്നു പ്രദീപ്.തുടര്ന്ന് നാട്ടുകാര് ചേര്ന്ന് പുറത്തെത്തിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് നെടുമങ്ങാട് അഗ്നിശമന സേന സ്ഥലത്തെത്തി പ്രദീപിനെ രക്ഷിക്കുകയായിരുന്നു. കിണറിന് ആഴം കുറവായതും അധികം വെള്ളമില്ലാതിരുന്നതുമാണ് പ്രദീപിന് രക്ഷയായത്. മണിക്കൂറുകളോളം കിണറ്റിനുള്ളിൽ അകപ്പെട്ടതിനാൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രദീപിനെ നെടുമങ്ങാട‌് താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ സൂരജ് എസ് ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, ഫയർമാൻമാരായ രഞ്ചു, സന്തോഷ്, അനൂപ്, വിപിൻ ഹോം ഗാർഡുമാരായ അജി, ഷിബു, ബിജുമോൻ, നിഖിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന‌് നേതൃത്വം നൽകിയത‌്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കിണറിന‌് സമീപത്തു കൂടി പോയവരാണ‌് കിണറിൽ നിന്ന‌്ശബ്ദം കേട്ട് നടത്തിയ പരിശോധനയിൽ തൊടിയില്‍ പിടിച്ച് നിൽക്കുന്ന പ്രദീപിനെ കണ്ടത‌്. തുടർന്ന‌് നാട്ടുകാരെ വിളിച്ചുവരുത്തി ഇയാളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പകൽ 12ഓടെ നെടുമങ്ങാട് അഗ്നിശമന സേന സ്ഥലത്തെത്തി പ്രദീപിനെ രക്ഷിച്ചു. വീഴ‌്ചയിൽ പരിക്കേറ്റ‌് മണിക്കുറുകളോളം കിണറ്റിനുള്ളിൽ അകപ്പെട്ടതിനാൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രദീപിനെ നെടുമങ്ങാട‌് താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന‌് ആഴവും വെള്ളവും കുറവായത‌് ഇയാൾക്ക‌് രക്ഷയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News