കോര്‍പറേറ്റുകളെ തഴുകി, തൊഴിലാളികളെ തഴഞ്ഞ് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

ന്യൂഡല്‍ഹി: അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി, കര്‍ഷകരെയും തൊഴിലാളികളെയും മറന്ന്, പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.

ഭരണനിര്‍വ്വഹണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും കോടിക്കണക്കിനു രൂപയുടെ ലാഭമുണ്ടാക്കാനുള്ള കമ്പോളമായി രാജ്യം തുറന്നിട്ടുകൊടുക്കുന്ന അപകടകരമായ നീക്കം.

തകര്‍ന്നുകിടക്കുകയാണെന്ന് സാമ്പത്തിക സര്‍വേയില്‍ കേന്ദ്രം തുറന്നുസമ്മതിച്ച സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ പദ്ധതികളൊന്നും ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ ഇല്ല.

രാജ്യത്ത് തൊഴിലും സമ്പത്തും സൃഷ്ടിക്കുന്നത് കോര്‍പറേറ്റുകളാണെന്ന് മന്ത്രി അവകാശപ്പെട്ടു. 19,62,761 കോടി രൂപ റവന്യുവരുമാനവും 8,23,588 കോടി മൂലധനവരുമാനവും കണക്കാക്കുന്ന ബജറ്റില്‍ മൊത്തം 27,86,349 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

ഇറക്കുമതി തീരുവ കൂട്ടി; സ്വര്‍ണവില കുതിക്കും

കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. 10 ശതമാനമായിരുന്ന തീരുവ 12.5 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

വിവാഹ സീസണ്‍ വരാനിരിക്കെ ഈ അധികവര്‍ധന വിപണിയില്‍ കാര്യമായി പ്രതിഫലിച്ചേക്കും.

ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏകദേശം 3300 കോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തത്. ബജറ്റ് നിര്‍ദേശം സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയാന്‍ കാരണമായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here