കര്‍ണാടക മന്ത്രിസഭ തുലാസില്‍; 12 എംഎല്‍എമാര്‍ രാജിവച്ചു; സന്നദ്ധത അറിയിച്ച് കൂടുതല്‍ പേര്‍ രംഗത്ത്

കർണാടകത്തിൽ ജെഡിഎസ‌്–കോൺഗ്രസ‌് സഖ്യസർക്കാരിന‌് ഭീഷണിയുയർത്തി 12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജിനൽകി. ഒമ്പത‌് കോൺഗ്രസ‌് അംഗങ്ങളും മൂന്ന‌് ജെഡിഎസ‌് അംഗങ്ങളും രാജി സമർപ്പിച്ചതായി സ‌്പീക്കർ സ്ഥിരീകരിച്ചു. രണ്ടു പേർകൂടി രാജി സന്നദ്ധ അറിയിച്ചിട്ടുണ്ട‌്. രാജിവച്ച കോൺഗ്രസ‌് എംഎൽഎമാരെ മുംബൈയിലേക്ക‌് മാറ്റി. ഇതോടെ കോൺഗ്രസ‌്–ജെഡിഎസ‌് മന്ത്രിസഭയുടെ ഭാവി തുലാസിലായി.

ലോ‌ക‌്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന‌് കോൺഗ്രസിൽ രൂപപ്പെട്ട പ്രതിസന്ധിയാണ‌് പ്രശ‌്നങ്ങൾ രൂക്ഷമാക്കിയത‌്. രാഹുലിന്റെ രാജിയെ തുടർന്ന‌് ഹൈക്കമാൻഡിലുണ്ടായ നേതൃരാഹിത്യവും പിസിസി പിരിച്ചുവിട്ടതിനാൽ സംസ്ഥാനത്ത‌് ഉടലെടുത്ത രാഷ‌്ട്രീയ സാഹചര്യവുമാണ‌് പ്രതിസന്ധിയിലേക്ക‌് നയിച്ചത‌്. അമേരിക്കൻ സന്ദർശനത്തിനുപോയ മുഖ്യമന്ത്രി കുമാരസ്വാമിയും കോൺഗ്രസ‌് സംസ്ഥാന അധ്യക്ഷൻ ദിനേശ‌് ഗുണ്ടുറാവുവും ഉടൻ നാട്ടിലേക്ക‌് മടങ്ങും. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന‌് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബംഗളൂരുവിലെത്തി.

നോമിനേറ്റഡ‌് അംഗം ഉൾപ്പെടെ കർണാടക നിയമസഭയിൽ ആകെ സീറ്റ‌് 225 ആണ‌്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ‌് വേണം. സഖ്യസർക്കാരിന്റെ കക്ഷിനില സർക്കാർ രൂപീകരിക്കുമ്പോൾ 120 ആയിരുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് ഉമേഷ‌് ജാദവ‌് രാജിവച്ച‌് ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞയാഴ‌്ച രണ്ടുപേർ കൂടി രാജിവച്ചിരുന്നു. ഇപ്പോൾ 12 പേർകൂടി രാജിവച്ചതോടെ കക്ഷിനില 105 ആയി കുറഞ്ഞു. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം തുലാസിലായി. കോൺഗ്രസിന് 80 ഉം ജെഡിഎസിന് 37 ഉം ബിഎസ്‍പിക്ക് ഒരു എംഎൽഎയുമാണുണ്ടായിരുന്നത‌്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ -റാണെബന്നൂർ, എച്ച് നാഗേഷ് – മുൾബാഗൽ) എന്നിവരും സഖ്യസർക്കാരിനൊപ്പമുണ്ടായിരുന്നു. ബിജെപിക്ക‌് 105 എംഎൽഎമാരാണ‌് ഉള്ളത്.

ജെഡിഎസ‌് മുൻ പ്രസിഡന്റും വിമതനേതാവുമായ എച്ച‌് വിശ്വനാഥയുടെ നേതൃത്വത്തിലാണ‌് രാജി സമർപ്പിക്കാൻ എംഎൽഎമാർ എത്തിയത‌്. കോൺഗ്രസിൽനിന്ന‌് രാമലിംഗറെഡ്ഡി, മഹേഷ് കുമത്തള്ളി, ശിവറാം ഹെബ്ബാർ, ബി സി പാട്ടീൽ, മുനിരത്ന, എസ് ടി സോമശേഖർ, ബയ്‍രാത്തി, ബസവരജ്, സൗമ്യറെഡ്ഡി, പ്രതാപ് ഗൗഡപാട്ടീൽ എന്നിവരും ജെഡിഎസിൽനിന്ന‌് നാരായണഗൗഡ, ഗോപാലയ്യ, എച്ച് വിശ്വനാഥ് എന്നിവരുമാണ‌് രാജിനൽകിയത‌്. ചൊവ്വാഴ‌്ച ഓഫീസിലെത്തിയശേഷം നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന‌് സ‌്പീക്കർ രമേശ‌് കുമാർ അറിയിച്ചു.

സ്പീക്കർ ആരുടെയും രാജി നേരിട്ട‌് സ്വീകരിച്ചിട്ടില്ല. എംഎൽഎമാർ എത്തുന്നതിന‌ുമുമ്പ‌് വിധാൻ സൗധയിൽനിന്നുപോയ സ്പീക്കർ ചൊവ്വാഴ്ചയേ തിരിച്ചെത്തൂ. സർക്കാരിനെ ഏതുവിധേനയും വീഴ‌്ത്തി സർക്കാർ രൂപീകരിക്കാനാണ‌് ബിജെപി ശ്രമിക്കുന്നത‌്. എന്താണ‌് സംഭവിക്കുന്നതെന്ന‌് കാത്തിരുന്ന‌് കാണാമെന്നു മാത്രമാണ‌് യെദ്യൂരപ്പ പ്രതികരിച്ചത‌്. ഇതിനിടെ, രാജിവച്ച എംഎൽഎമാർ ഗവർണർ വാജുഭായ‌് വാലയെ സന്ദർശിച്ചു.കൂട്ടരാജിക്കായി എംഎൽഎമാർ എത്തിയതിനു പിന്നാലെ ഹൈക്കമാന്‍ഡ‌് നിർദേശമനുസരിച്ച് ഡി കെ ശിവകുമാർ വിധാൻ സൗധയിലെത്തി.രാമലിംഗറെഡ്ഡി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ശിവകുമാർ ചർച്ച നടത്തി. രാമലിംഗറെഡ്ഡി, എസ് ടി സോമശേഖർ, ബയ്‍രാത്തി ബസവരാജ് എന്നിവരെ അനുനയിപ്പിച്ച‌് കാറിൽ കയറ്റിക്കൊണ്ടുപോയി.

എംഎൽഎമാരുടെ രാജിക്കുപിന്നിൽ നിസ്സാരകാരണങ്ങളാണ‌് പറയുന്നതെന്ന‌് കോൺഗ്രസ‌് നേതാവ‌് ഡി കെ ശിവകുമാർ പറഞ്ഞു. എംഎൽഎമാരുടെ രാജിക്കത്തുകൾ വലിച്ചെറിഞ്ഞതായ ആരോപണങ്ങളോട‌് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. കോൺഗ്രസ‌്–- ജെഡിഎസ‌് എംഎൽഎമാരുടെ രാജിയെ തുടർന്ന‌് സർക്കാർ വീഴില്ലെന്ന‌് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ‌് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

കോൺഗ്രസ‌്– ജെഡിഎസ‌് എംഎൽഎമാരുടെ രാജിയെ തുടർന്ന‌് രൂപപ്പെട്ട സാഹചര്യം നിരീക്ഷിക്കുകയാണെന്ന‌് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി എസ‌് യെദ്യൂരപ്പ പറഞ്ഞു. രാജിയുമായി ബിജെപിക്കു ബന്ധമില്ല. സ്വയമുണ്ടാക്കുന്ന പ്രതിസന്ധികളാൽ സർക്കാർ വീഴുമെന്ന‌് ബിജെപി നേരത്തെ പ്രഖ്യാപിച്ചതാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

കർണാടകത്തിൽ ഗവർണർ ക്ഷണിച്ചാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന‌് കേന്ദ്രമന്ത്രി ഡി വി സദാനന്ദഗൗഡ പ്രതികരിച്ചു. നിലവിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ‌്. 150 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ട‌്. ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപീകരിക്കാൻ ബിജെപി തയ്യാറാണെന്നും ഗൗഡ പറഞ്ഞു.

കോൺഗ്രസ‌്– ജെഡിഎസ‌് എംഎൽഎമാരുടെ രാജിയെ ക്കുറിച്ച‌് താൻ പ്രതികരിക്കുന്നില്ലെന്ന‌് ജെഡിഎസ‌് നേതാവും മുൻ പ്രധാനന്ത്രിയുമായ ദേവഗൗഡ പറഞ്ഞു. രാജിയെക്കുറിച്ച‌് ഒന്നുംപറയാനില്ലെന്ന‌് അദ്ദേഹം മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. ആരോടും ഒന്നും ഇക്കാര്യത്തിൽ സംസാരിക്കാനില്ല. പാർടി പ്രവർത്തകരുമായി ആശയവിനിമയത്തിനാണ‌് താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News