കേരള കഫേ എന്ന ചിത്രത്തില്‍ ഐലന്‍ഡ് എക്‌സ്പ്രസ് എന്ന ചെറുചിത്രം സംവിധാനം ചെയ്ത ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘പതിനെട്ടാം പടി’.

അറുപതോളം പുതുമുഖ നടന്മാരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശന വിജയം തുടരുകയാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അതിഥി താരമെന്ന ലേബലില്‍ മുദ്ര കുത്താന്‍ കഴിയില്ലെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ അഞ്ചാമത്തെ ഹിറ്റ് ആയി മാറി കഴിഞ്ഞു ‘പതിനെട്ടാം പടി’. ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.

ഒരു സിനിമയുടെ ഒരുവിധം വലിയ സ്‌ക്രീന്‍ സ്‌പേസില്‍ മമ്മുക്ക ആക്ട് ചെയ്യുമ്പോള്‍ എങ്ങനയാണ് അദ്ദേഹത്തെ ഗസ്റ്റ് റോള്‍ എന്ന് വിളിക്കാന്‍ കഴിയുന്നതെന്നായിരുന്നു പ്രേക്ഷകരോടുള്ള ശങ്കര്‍ രാമകൃഷ്ണന്റെ ചോദ്യം.

അങ്ങനെയൊരു വിലയിരുത്തല്‍ ശരിയല്ല, പലരുടെയും ഊഹാങ്ങളാണ് ഇതൊക്കെ, മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരമായാണ് എത്തുന്നതെന്നൊന്നും നമ്മള്‍ എവിടെയും പറഞ്ഞിട്ടില്ല, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശങ്കര്‍ രാമകൃഷ്ണന്‍ ഇത് വ്യക്തമാക്കിയത്.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു മുഴുനീള ചിത്രത്തിന്റെ സംവിധായകനാകുന്ന ശങ്കര്‍ രാമകൃഷ്ണന് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടി , പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു , ബിജു സോപാനം, മാല പാര്‍വതി എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്ന ചിത്രം കൂടിയാണ് ‘പതിനെട്ടാംപടി’.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.