ശരവണ ഭവന്‍ രാജഗോപാല്‍ അഴിക്കുള്ളില്‍ തന്നെ; ഹര്‍ജി തള്ളി സുപ്രീംകോടതി

ദില്ലി: ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന ശരവണ ഭവന്‍ ഉടമ പി.രാജഗോപാലിന്റെ അപേക്ഷ നിരസിച്ച് സുപ്രീംകോടതി.

ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി രാജഗോപാലിനു ശിക്ഷ വിധിച്ചത്. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രീംകോടതി രാജഗോപാലിന്റെ അപേക്ഷ തള്ളിയത്.

കേസില്‍ 2004ല്‍ ആണ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉയര്‍ത്തി. 2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനായി, താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും ചികില്‍സയ്ക്കായി കൂടുതല്‍ സമയം വേണമെന്നും വിശദീകരിച്ച് രാജഗോപാല്‍ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി.

2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊടൈക്കനാലിലെ വനത്തില്‍ ഇയാളുടെ മൃതദേഹം മറവുചെയ്‌തെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഇന്ത്യ കൂടാതെ യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ശരവണഭവന് റസ്റ്ററന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here