മുംബൈയില്‍ പുതിയ പാര്‍ക്കിങ് നിയമം; പിഴ കേട്ടാല്‍ ഞെട്ടും

മുംബൈയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. അനധികൃത പാര്‍ക്കിങ് നടത്തുന്നവര്‍ക്ക് 23000 രൂപ വരെ പിഴ ഈടാക്കാനാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

ഇരു ചക്ര വാഹനങ്ങള്‍ക്കാണെങ്കില്‍ പിഴ 5000 രൂപ മുതല്‍ 8300 രൂപ വരെയാണ് ഈടാക്കുക. വലിയ വാഹനങ്ങള്‍ക്ക് 15000 മുതല്‍ 23000 രൂപ വരെയും പിഴ ഈടാക്കും. മുംബൈയിലെ അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യ ഘട്ടത്തില്‍ നിയമം നടപ്പാക്കുന്നത്.

ഘട്ടം ഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് പരിപാടി. പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ മൂല്യവും പാര്‍ക്കിംഗ് സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുന്നത്. പിഴയടക്കാന്‍ കാലതാമസം നേരിട്ടാല്‍ തുക കൂടുതല്‍ ഈടാക്കുമെന്നും നഗരസഭാ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു.

കാല്‍ നട യാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും സൗകര്യം മാനിച്ചാണ് പാര്‍ക്കിങ് നിരോധിച്ചിട്ടുള്ള മേഖലകളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഇത്തരക്കാരില്‍ നിന്നും പിഴ കൂടാതെ വാഹനങ്ങള്‍ വലിച്ചു കൊണ്ട് പോകുന്നതിനായുള്ള കൂലിയും ഈടാക്കും.

മുന്‍ സൈനികരെയും സ്വകാര്യ സുരക്ഷാ ഭടന്മാരെയും ഇതിനായി പ്രത്യേകം നിയമിക്കുവാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here