കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കും. അന്തരിച്ച പ്രമുഖര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് പിരിയുക മാത്രമാണ് ആദ്യദിവസത്തെ നടപടി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഭയില്‍ ബിജെപിയുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ സമ്മേളനം ചേരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി നിലപാട്.

അതേസമയം രാജി സമര്‍പ്പിച്ച അഞ്ച് വിമത എംഎല്‍എ മാരില്‍ മൂന്നുപേരെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും. വൈകിട്ട് നാലുമണിക്കുളളില്‍ സ്പീക്കറെ കാണണമെന്നാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ രാജിവച്ച എംഎല്‍എമാരില്‍ മിക്കവരും വ്യാഴാഴ്ച അര്‍ധരാത്രിയോടെ തന്നെ മുംബൈയിലേക്ക് തിരികെപോയി.

വെള്ളിയാഴ്ച ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍ ബിജെപി പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വിധാന്‍സൗധയിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം ഇവിടങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരേ നല്‍കിയ ഹര്‍ജിയിലും വെള്ളിയാഴ്ച വരും.

രാജി സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. എന്നാല്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഭരണപക്ഷത്തുനിന്ന് 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബിജെപിക്ക് 107 പേരുടെയും കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. നിലവില്‍ ഭരണപക്ഷത്തെക്കാള്‍ ബിജെപിക്ക് ആറ് അംഗങ്ങളുടെ കൂടുതല്‍ പിന്തുണയുണ്ട്. വിമതപക്ഷത്തുനിന്ന് ഇത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.