കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ട‌്; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

തിങ്കളാഴ‌്ച വിശ്വാസവോട്ട‌് തേടാൻ കുമാരസ്വാമിയെ സ‌്പീക്കർ അനുവദിച്ചേക്കും.മുഖ്യമന്ത്രി ആവശ്യപ്പെടുന്നപക്ഷം വിശ്വാസവോട്ടെടുപ്പിനുള്ള അവസരം ഒരുക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ഇന്നലെ ആരംഭിച്ച കർണാടക നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ പ്രശ‌്നപരിഹാരത്തിന‌് സമയം വേണമെന്ന‌് കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

വിശ്വാസവോട്ട‌് തേടുമെന്ന‌് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുപിന്നാലെ ഭരണസഖ്യമായ കോൺഗ്രസിലെയും ജെഡിഎസിലെയും എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകി. വിമതർക്ക് ഉൾപ്പെടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. അതിനിടെ വിശ്വാസവോട്ടെടുപ്പ‌് തേടാനുള്ള കുമാരസ്വാമിയുടെ നിലപാട‌് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട‌്.

അതേസമയം കർണാടകത്തിൽ വിമത എംഎൽഎമാരുടെ രാജി സംബന്ധിച്ച‌് ചൊവ്വാഴ‌്ചവരെ സ‌്പീക്കർ തീരുമാനം എടുക്കരുതെന്ന‌് സുപ്രീംകോടതി അറിയിച്ചു. ഭരണഘടനാവിഷയങ്ങൾ സൂക്ഷ‌്മമായി പരിശോധിക്കേണ്ട കേസിൽ വിശദവാദം കേൾക്കുന്നതിനാൽ ചൊവ്വാഴ‌്ച വരെ സ‌്പീക്കർ തീരുമാനം എടുക്കരുതെന്ന‌ാണ് കോടതി അറിയിച്ചിരിക്കുന്നത്. അതുവരെ തൽസ്ഥിതി തുടരാനാണ‌് ചീഫ‌് ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ മൂന്നംഗബെഞ്ച‌് നിർദേശിച്ചത‌്. എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പെടെ ഒരു തീരുമാനവും എടുക്കരുതെന്ന‌ാണ് കോടതി നിർദേശം.

എംഎൽഎമാരുടെ രാജിക്കത്തിൽ വ്യാഴാഴ‌്ചതന്നെ തീരുമാനം എടുക്കണമെന്ന‌് കോടതി ഉത്തരവിട്ടിരുന്നു. കൂടുതൽ സമയം വേണമെന്ന‌് ചൂണ്ടിക്കാണിച്ച‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ വ്യാഴാഴ‌്ചതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വെള്ളിയാഴ‌്ച ഹർജികൾ പരിഗണിച്ച ചീഫ‌് ജസ്റ്റിസ‌് അധ്യക്ഷനായ ബെഞ്ച‌്, സ‌്പീക്കർ സുപ്രീംകോടതി ഉത്തരവിനെ വെല്ലുവിളിക്കുകയാണോ എന്ന‌് ചോദിച്ചു.

സുപ്രീംകോടതി നിർദേശിച്ച സമയക്രമത്തിനുള്ളിൽ തീരുമാനം എടുക്കാത്ത സ‌്പീക്കർക്കെതിരെ കോടതിയലക്ഷ്യത്തിന‌് നോട്ടീസ‌് അയക്കണമെന്ന‌് വിമത എംഎൽഎമാർക്ക‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ‌്തഗി ആവശ്യപ്പെട്ടു. വിമതരുടെ ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന‌് മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിക്ക‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ‌് ധവാൻ വാദിച്ചു. മന്ത്രിസഭയ‌്ക്ക‌് വിശ്വാസം നഷ്ടപ്പെട്ടെന്ന എംഎൽഎമാരുടെ വാദം അടിസ്ഥാനരഹിതമാണ‌്. രാഷ്ട്രീയനേട്ടങ്ങൾക്കായി എംഎൽഎമാർ നിയമം ദുരുപയോഗപ്പെടുത്തുകയാണെന്നും ധവാൻ കുറ്റപ്പെടുത്തി.

ഭരണഘടനയുടെ 190 (1) (ബി) അനുച്ഛേദപ്രകാരം എംഎൽഎമാർ സ്വമേധയാ രാജിവച്ചതാണോയെന്ന‌് വിശദ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്ന‌് സ‌്പീക്കർ രമേഷ‌്കുമാറിന‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക‌് സിങ‌്‌വി ആവശ്യപ്പെട്ടു.

എംഎൽഎമാരുടെ രാജിയാണോ അയോഗ്യതയാണോ സ‌്പീക്കർ ആദ്യം പരിഗണിക്കേണ്ടതെന്ന വിഷയത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്ന‌് ചീഫ‌് ജസ്റ്റിസ‌് പ്രതികരിച്ചു. കേസിൽ കക്ഷിചേരണമെന്ന‌ ബംഗളൂരു സ്വദേശി അനിൽ ചാക്കോ ജോസഫിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News