പാർട്ടി അധ്യക്ഷ സ്ഥാനം; യുവാക്കളെ പരിഗണിക്കേണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ പരിഗണിക്കുന്നതിൽ കോൺഗ്രസിൽ വൻ എതിർപ്പ്. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, കമൽനാഥ് തുടങ്ങിയവരാണ് എതിർക്കുന്നവരിൽ പ്രമുഖർ. അധ്യക്ഷനായി മുകുൾ വാസ്നിക്കിന്റെ പേര് സജീവ പരിഗണനയിൽ.

അധ്യക്ഷസ്ഥാനത്തെചൊല്ലി കോൺഗ്രസിൽ മുതിർന്നവരും യുവനേതാക്കളും തമ്മിൽ പോര് മൂർച്ഛിക്കുന്നു. നേതൃത്വം യുവത്വത്തെ ഏൽപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ചുവടു പിടിച്ച് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തു വന്നിരുന്നു. എന്നാൽ യുവനേതാവ് അധ്യക്ഷനാകുന്നത് ഏത് വിധേനയും തടയാനാണ് മുതിർന്ന നേതാക്കളുടെ നീക്കം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് , മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എന്നിവരാണ് എതിർപ്പുന്നയിക്കുന്നവരിലെ പ്രമുഖർ. സച്ചിൻ പൈലറ്റോ ജ്യോതിരാദിത്യ സിന്ധ്യയോ നേതൃത്വത്തിലേക്ക് വരുന്നത് തടയുകയാണ് ലക്ഷ്യം.

അതൃപ്തരായ നിരവധി മുതിർന്ന നേതാക്കളും ഇവർക്കൊപ്പം ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് നേതാക്കൾ ആയ സുശീൽ കുമാർ ഷിൻഡെ, മല്ലികാർജ്ജുന ഗാർഗെ എന്നിവർക്കൊപ്പം മുകുൾ വാസ്നിക്കിന്റെ പേരും സജീവമായി പരിഗണിക്കുന്നു. സംഘടനയുടെ താഴെത്തട്ടിൽ നിന്ന് പടിപടിയായി ഉയർന്നു വന്ന നേതാവെന്നതാണ് വാസ്നിക്കിന് അനുകൂല ഘടകം. എൻ എസ് യുവിലും യൂത്ത്‌ കോൺഗ്രസിലും പ്രവർത്തന പരിചയവും ഉണ്ട്. കർണാടക പ്രതിസന്ധിക്ക് ബുധനാഴ്ചയോടെ അയവുണ്ടാകുമെന്നാണ് എഐസി സി വിലയിരുത്തൽ. അങ്ങിനെയെങ്കിൽ അടുത്ത വെള്ളിയാഴ്ച പ്രവർത്തക സമിതി യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here