കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ശരീരത്തില്‍ മറഞ്ഞിരുന്ന സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടിയത് ഡോക്ടര്‍മാരാണ്. മുംബൈയിലാണ് വിചിത്രമായ രോഗാവസ്ഥയുമായി യുവാവ് ചികിത്സയ്‌ക്കെത്തിയത്. തന്റെ ശരീരത്തില്‍ ഒളിഞ്ഞിരുന്ന അവയവങ്ങളെക്കുറിച്ച് ചികിത്സയ്‌ക്കെത്തുമ്പോള്‍ 29 കാരനായ യുവാവിന് യാതൊരു സൂചനയുമില്ലായിരുന്നു.
ചികിത്സയുടെ ഭാഗമായി യുവാവിനോട് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. യുവാവിന്റെ അടിവയറ്റില്‍ പൂര്‍ണ്ണമായി വളര്‍ച്ച കൈവരിക്കാത്ത സ്ത്രീ ജനനേന്ദ്രിയമുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഉടനടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വയറിനുള്ളില്‍ മറ്റ് അവയവങ്ങള്‍ കൂടി കണ്ടെത്തിയത്. ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവയാണ് യുവാവിന്റെ അടിവയറ്റില്‍ മറഞ്ഞിരുന്നത്.
ശസ്ത്രക്രിയയിലൂടെ എല്ലാ സ്ത്രീ അവയവങ്ങളും നീക്കം ചെയ്‌തെങ്കിലും യുവാവിന് കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇയാളുടെ ശരീരത്തില്‍ ബീജോത്പാദനം നടക്കുന്നില്ലാത്തതാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്നാണ് ഈ ശാരീരികാവസ്ഥ അറിയപ്പെടുന്നത്. ജീനുകളില്‍ ഉണ്ടാകുന്ന മാറ്റമൂലമാണ് ശരീരത്തില്‍ ഈ അവസ്ഥയുണ്ടാകുന്നത്. ലോകത്തില്‍ ഇതുവരെ 200 ഓളം കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here