മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസം; പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു

പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു.

മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ മാസം അയച്ച രാജി കത്ത് ട്വീറ്റ് ചെയ്ത് സിദ്ധു തന്നെയാണ് വിവരം പുറത്തുവിട്ടത്.

കോണ്ഗ്രസിന് കഷ്ടകാലം ഒഴിയുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി രാജ്യത്താകെ കനത്ത തിരിച്ചടി നേരിട്ടപ്പോഴും പഞ്ചാബിൽ സ്ഥിതി ഭേദമായിരുന്നു.

അവിടെയാണ് പാർട്ടിക്ക് പുതിയ പ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ മാസം അയച്ച ഒറ്റ വരി കത്തിലൂടെയാണ് മന്ത്രി സഭയിൽ നിന്ന് രാജി വയ്ക്കുന്നുവെന്ന് സിദ്ധു പ്രഖ്യാപിച്ചത്.

രാജിക്കത്ത് സിദ്ധു ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി നിരന്തരം കലഹത്തിലായിരുന്നു.
മന്ത്രിസഭാ പുനഃസംഘടനയിൽ തദ്ദേശ ഭരണ വകുപ്പ് സിദ്ധുവിൽ നിന്ന് മാറ്റി പകരം ഊർജ വകുപ്പ് നൽകിയതിനെ തുടർന്ന് സിദ്ധു പാർട്ടിയുമായി മാനസികമായി അകന്നിരുന്നു.

സിദ്ധു മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നുവെന്ന ക്യാപ്റ്റന്റെ പ്രസ്താവനയും കൂടിവന്നതോടെ തർക്കം വീണ്ടും കടുത്തു.

അധികാരത്തിൽ ഉള്ള കർണാടകയ്ക്ക് പിന്നാലെ പഞ്ചാബ്‌ കോൺഗ്രസിലും ആഭ്യന്തര കലഹം കുറവില്ലെന്ന് തെളിയിക്കുന്നതാണ് മന്ത്രി സ്ഥാനത്ത് നിന്നുള്ള നവ്ജ്യോത് സിംഗ് സിദുവിന്റെ രാജി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ താര പ്രചാരകൻ ആയിരുന്ന സിദ്ധു പാർട്ടി വിടുമോ എന്ന് വ്യക്തമല്ല.

കർണാടക പ്രതിസന്ധിയിൽ തന്നെ മറുപടി പറയാനാകാത്ത കോൺഗ്രസ് ദേശീയ നേതൃത്വം സിദ്ധുവിന്റെ രാജിയോടെ കൂടുതൽ പ്രതിരോധത്തിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here