പ്രളയ-ദുരന്തനിവാരണം: കര്‍ഷകര്‍ക്ക് പിന്നില്‍ അടിയുറച്ച് മൃഗസംരക്ഷണ വകുപ്പ്

മഹാപ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് ഇരയായ ജില്ലയിലെ കര്‍ഷകര്‍ക്കു പിന്നില്‍ സഹായഹസ്തവുമായി അടിയുറച്ചു പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. ദുരന്ത നിവാരണത്തിനായി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ ഇതുവരെ 2,11,32,150 രൂപ വിനിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അംബികാദേവി അറിയിച്ചു.

പ്രളയത്തില്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ ആകെ 5,51,9,350 രൂപയുടെ നഷ്ടമുണ്ടായി. ഇതില്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് മുഖേന അനുവദിച്ച ധനസഹായം 1,87,62,750 രൂപ വരും. ആകെ 4587 കര്‍ഷകര്‍ക്ക് ധനസഹായം ലഭിച്ചു. 1,86,66,550 രൂപ ഇതുവരെ വിതരണം ചെയ്തു. കാലിത്തീറ്റ വിതരണത്തിനായി 15,65,600 രൂപ വിനിയോഗിച്ചു.

കാലിത്തീറ്റ വിതരണത്തിനായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഒന്‍പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ ആടുകളെ നഷ്ടപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആടുകളെ വിതരണം ചെയ്യുന്ന പദ്ധതി (എന്‍.എല്‍.എം.ഗോട്ടറി) പ്രകാരം 13,66,200 രൂപ ചെലവഴിച്ച് 23 ഗുണഭോക്താക്കള്‍ക്ക് 253 ആടുകളെ വിതരണം ചെയ്തു. ബാക്കിയുള്ള 77 യൂണിറ്റുകള്‍ക്ക് ഈ വര്‍ഷം പദ്ധതി നടപ്പാക്കും.

പ്രളയക്കെടുതിയില്‍ മൃഗങ്ങളുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മുന്‍തൂക്കം നല്‍കി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്നും മൃഗങ്ങളെ മാറ്റുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കി. 58 അടിയന്തര ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വിവിധ ക്യാമ്പുകളിലായി 800 ഓളം മൃഗങ്ങളെ മാറ്റി പാര്‍പ്പിച്ചു. 2608 മൃഗങ്ങള്‍ക്കുള്ള കാലി/ആട് തീറ്റകള്‍ കേരളാ ഫീഡ്‌സ്, മില്‍മ എന്നിവ മുഖേന വിതരണം ചെയ്തു.

ദുരിതത്തില്‍ അകപ്പെട്ട മൃഗങ്ങള്‍ക്കായി സംസ്ഥാനത്തിനു പുറത്തുനിന്നും കാലിത്തീറ്റ എത്തിക്കുന്നതിനും നടപടി സ്വീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന് നാമക്കല്‍ പൗള്‍ട്രി പ്രൊഡ്യുസേഴ്‌സ് അസോസിയേഷനില്‍ നിന്നു ലഭിച്ച 50000 മുട്ട, എന്‍ഡിഡിബിയുടെ അമൂല്‍ പ്ലാന്റില്‍ നിന്നും ടെട്ര പായ്ക്ക് പാലും അമൂല്‍ മില്‍ക്ക് പൗഡറും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മുഖേന ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്തു. കോയിപ്രം, ആറന്മുള , ഇരവിപേരൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം മൂലം മരണപ്പെട്ട മൃഗങ്ങളെ മറവു ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് സ്വീകരിച്ചു.

പ്രളയത്തില്‍ പത്തനംതിട്ട ജില്ലയിലെ മൃഗസംരക്ഷണ മേഖലയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാന സ്ഥാപനമായ നിരണം ഡക്ക് ഫാം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. 4000 താറാവുകളുണ്ടായിരുന്ന ഫാമിലെ പകുതിയിലേറെ താറാവുകളും ഇന്‍ക്യൂബേറ്ററില്‍ വിരിയിക്കാന്‍ വച്ചിരുന്ന 40000 ല്‍ ഏറെ മുട്ടകളും നശിച്ചുപോയി.

ഓഫീസ് കെട്ടിടം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നതിനാല്‍ ഫര്‍ണിച്ചറും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങളും ഓഫീസ് രേഖകളും നശിച്ചു. പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ജില്ലാ വെറ്ററിനറി കോംപ്ലക്‌സിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങിയിരുന്നു. ജില്ലയിലെ വിവിധ മൃഗാശുപത്രികളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള മരുന്നുകള്‍, വാക്‌സിനുകള്‍, പുല്‍വിത്തുകള്‍ എന്നിവ നശിച്ചു.

ജില്ലാ മൃഗാശുപത്രിയിലെ ഫര്‍ണിച്ചര്‍, ഓഫീസ് രേഖകള്‍, വിവിധ ഉപകരണങ്ങള്‍ ആംബുലന്‍സ് ജീപ്പ്, ഫ്രിഡ്ജുകള്‍, ക്രയോക്യാനുകള്‍, ജനറേറ്ററുകള്‍, വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള വാക്കാ ഇന്‍ കൂളര്‍ എന്നിവ വെള്ളത്തിനടിയില്‍പെട്ടിരുന്നു. ഇതിനു പുറമേ മൃഗസംരക്ഷണ വകുപ്പന്റെ 25-ല്‍ അധികം സ്ഥാപനങ്ങള്‍ പൂര്‍ണമായും വെള്ളത്തിലകപ്പെട്ടു. ഇവിടങ്ങളിലെ ഉപകരണങ്ങളും ഫര്‍ണിച്ചറും നശിച്ചുപോയി. ഇത്തരത്തില്‍ രണ്ടു കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here