മില്‍മയുടേത് ജനങ്ങള്‍ക്ക് വിശ്വാസമുള്ള പാലും ഉത്പന്നങ്ങളും: മന്ത്രി കെ രാജു

ജനങ്ങള്‍ക്ക് വിശ്വാസമുള്ള പാലും അനുബന്ധ ഉത്പന്നങ്ങളുമാണ് മില്‍മ ലഭ്യമാക്കുന്നതെന്ന് വനം, ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മില്‍മ പത്തനംതിട്ട ഡയറിക്കു ലഭിച്ച ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച് പൊതുസമ്മേളനം പത്തനംതിട്ട ഡയറി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷീര മേഖലയുടെ നട്ടെല്ലാണ് കര്‍ഷകര്‍. പ്രളയാനന്തര നഷ്ടങ്ങളെ അതിജീവിച്ച് മുന്നേറാന്‍ ക്ഷീരവികസന മേഖലയ്ക്ക് സാധിച്ചു. ക്ഷീര കര്‍ഷകരെ മേഖലയില്‍ ഉറച്ചു നിര്‍ത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ക്ഷീര വികസന മേഖല നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള ആര്‍ സി പി കരാര്‍. നികുതി രഹിത ഇറക്കുമതി കര്‍ഷക വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

ഐ ആര്‍ ക്യു എസ് പ്രതിനിധി ടോംസി തോമസില്‍ നിന്നും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ രാജു ഏറ്റുവാങ്ങി. ഒപ്പം ഐഎസ്ഒ കണ്‍സള്‍ട്ടന്റിനും ഐഎസ്ഒ ടീം അംഗങ്ങള്‍ക്കുമുള്ള ഉപഹാര വിതരണവും മന്ത്രി നിര്‍വഹിച്ചു. പത്തനംതിട്ട ഡയറിക്ക് ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം ഐ.എസ്.ഒ 9001 : 2015, എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് സിസ്റ്റം 14001: 2015, ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് 45001:2018 എന്നീ അന്താരാഷ്ട്ര അംഗീകാരങ്ങളാണ് ലഭിച്ചത്.

ഭക്ഷ്യ സുരക്ഷാ അംഗീകാരമായ ഐ.എസ്.ഒ 22000:2005 നേരത്തേ കരസ്ഥമാക്കിയ പത്തനംതിട്ട ഡയറി പ്രവര്‍ത്തനങ്ങളിലും, തൊഴില്‍ സുരക്ഷയിലും, പരിസ്ഥിതി സുരക്ഷയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ സുസ്ഥിരമായി പാലിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുളള അംഗീകാരമായാണ് പുതിയ സാക്ഷ്യപത്രങ്ങള്‍ ലഭിക്കുന്നത്. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ കീഴിലാണ് പത്തനംതിട്ട ഡയറി പ്രവര്‍ത്തിക്കുന്നത്.

മില്‍മ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. സുരഭി കന്നുക്കുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ ഉദ്ഘാടനവും ക്ഷീരകര്‍ഷകര്‍ക്കുളള മരണാനന്തര ധനസഹായ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം കെ.സി.എം.എം.എഫ് ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ വിതരണം ചെയ്തു.

കാലിത്തൊഴുത്ത് നവീകരണ ധനസഹായ വിതരണം കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ രാജന്‍നിര്‍വഹിച്ചു. കന്നുകാലി ഇന്‍ഷുറന്‍സ് ധനസഹായ വിതരണം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് നിര്‍വഹിച്ചു. സഞ്ചാലക് നിധി വിതരണം ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു നിര്‍വഹിച്ചു.

റ്റി.ആര്‍.സി.എം.പി.യു ഡയറക്ടര്‍മാരായ മാത്യു ചാമത്തില്‍, ലിസി മത്തായി, റ്റി.ആര്‍.സി.എം.പി.യു മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കുര്യാക്കോസ് സക്കറിയ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിര്‍മല സാം, അമ്പിളി ജി നായര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി. സത്യപാലന്‍, വി.വി. ഹരികുമാര്‍, രാജു തോമസ്, പത്തനംതിട്ട ഡയറി മാനേജര്‍ സൂസന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here