വായനയില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍: എം മുകുന്ദന്‍

വായനയുടെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നും ആണുങ്ങള്‍ക്ക് ലഹരിപദാര്‍ഥങ്ങളിലുള്ള ആസക്തിയാണ് വായനാശീലം കുറയാന്‍ കാരണമെന്നും എം മുകുന്ദന്‍. ഭാഷയെ നമ്മള്‍ സംരക്ഷിക്കണമെന്നും ഭാഷയുടെ നിലനില്‍പ്പിലൂടെയാണ് സംസ്‌കാരത്തെ കാത്ത് സൂക്ഷിക്കുവാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയോടും സംസ്‌കാരത്തോടുമുള്ള മുംബൈ മലയാളികളുടെ സ്‌നേഹമാണ് ഇന്നിവിടെ കാണുന്ന ആള്‍ക്കൂട്ടമെന്ന് പറഞ്ഞാണ് മലയാളം മിഷനും ഇന്‍ഡോ അറബ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ പ്രസംഗം തുടങ്ങിയത്.

ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കായി കേരള പ്രവാസി അക്കാദമിയുടെ ഉത്ഘടനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു.കേരളത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് ആശയവിനിമയങ്ങള്‍ നടത്താനും ആത്മാവിഷ്‌കാരത്തിനും ഇത്തരമൊരു സംഘടനയുടെ പ്രസക്തി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ സമ്പന്നമാക്കിയത് പ്രവാസികളാണെന്നും, ആദ്യകാലങ്ങളില്‍ മുംബൈയായിരുന്നു നാടിന് തുണയായിരുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു. പിന്നീടത് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കന്‍ നാടുകളുമായി മാറി വരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചെടുത്തു. എല്ലാ മാസവും ആദ്യത്തെ ആഴ്ചകളില്‍ മുംബൈയില്‍ നിന്നുള്ള മണി ഓര്‍ഡറുകളുമായി കയറി വരുന്ന പോസ്റ്റ്മാന്മാര്‍ അന്നെല്ലാം കേരളത്തിലെ പതിവ് കാഴ്ചകലയിരുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു. പ്രവാസികള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം യാചകരുടെ നാടായി അറിയപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപ്പെട്ടു പോയ ഭാഷയും പദങ്ങളും പ്രയോഗങ്ങളും തിരിച്ചു പിടിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വവും കടമയുമാണെന്നും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് കൂടിയായ എം മുകുന്ദന്‍ വ്യക്തമാക്കി.

മലയാളികള്‍ ആര്‍ഭാട ജീവിതം ഇഷ്ടപ്പെടുന്നവരാണെന്നും ഒരു പാട് അസ്വസ്ഥതകളാണ് മലയാളികളെ വേട്ടയാടുന്നതെന്നും മുകുന്ദന്‍ ആശങ്കപ്പെട്ടു. വായനയുടെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണെന്നും ആണുങ്ങള്‍ക്ക് ലഹരിപദാര്‍ഥങ്ങളിലുള്ള ആസക്തിയാണ് വായനാശീലം കുറയാന്‍ കാരണമെന്നും എം മുകുന്ദന്‍ തുറന്നടിച്ചു.

നവി മുംബൈ വാഷി സിഡ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന മാതൃഭാഷ സ്‌നേഹ സംഗമത്തോടനുബന്ധിച്ചു നടന്ന മലയാളം മിഷന്‍ പ്രവേശനോത്സവം ചെയര്‍ പേഴ്‌സണ്‍ സുജ സൂസന്‍ ജോര്‍ജ്, നിര്‍വഹിച്ചു.

ജിസിസി രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഫാത്തിമ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ ഡോ കെ പി ഹുസൈന്‍, കൈരളി ടി വി മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ എം അഷറഫ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇ എം അഷറഫ് സംവിധാനം ചെയ്ത് എം മുകുന്ദന്‍ അഭിനയിച്ച ഹൃസ്വചിത്രമായ ബൊഴൂര്‍ മയ്യഴിയുടെ പ്രദര്‍ശനവും നടന്നു.

കുമാരനാശാന്‍ രചനകളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വീണ പൂവിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി. 112 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുമാരനാശാന്‍ രചിച്ച വീണപൂവ് ഏറ്റവും പുതിയ കാലവുമായി സംവദിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങിലെത്തിച്ചത്.
ആശാന്റെ വീണ പൂവിന്റെ ദൃശ്യാവിഷ്‌കാരം മുംബൈയില്‍ അരങ്ങേറുന്നത് ഇതാദ്യമായാണ്. നഗരത്തിലെ പതിനഞ്ചോളം നൃത്തപ്രതിഭകളെ സമന്വയിപ്പിച്ചു കൊണ്ട് വീണപൂവിന്റെ കൊറിയോഗ്രാഫി ഒരുക്കിയത് ഡോക്ടര്‍ ഐശ്വര്യ പ്രേമനും ഗോകുല ഗോപിയുമാണ്. സംഗീതവും കവിതാലാപനവും നിര്‍വഹിച്ചത് പ്രശസ്ത ഗായകന്‍ പ്രേംകുമാറാണ് .

ഡോ സുശീലന്‍ ചമയവും രാമകൃഷ്ണന്‍ കലാ സംവിധാനവും പവിത്രന്‍ നിര്‍മ്മാണ നിയന്ത്രണവും വഹിച്ചു. അഭിനവ് ഹരിയാണ് സഹസംവിധായകന്‍. ഡോ. ഐശ്വര്യ പ്രേമന്‍, ഗോകുല ഗോപി, അനാമിക അശോക്, അനിഷ്മ കൈമള്‍, ശ്രുതി മേനോന്‍, അശ്വതി പ്രേമന്‍, അമലാ പിള്ള, കാവേരി നായര്‍, അഞ്ജലി നായര്‍, ലാവണ്യ കൃഷ്ണകുമാര്‍ എന്നിവരായിരുന്നു അരങ്ങില്‍ വീണ പൂവിനെ അവിസ്മരണീയമാക്കിയത്. നിറഞ്ഞ കൈയ്യടികളോടെയാണ് തിങ്ങി നിറഞ്ഞ സദസ്സ് വീണ പൂവിനെ വരവേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here