എസ്എഫ്ഐയെ അക്രമകാരികളായി ചിത്രീകരിക്കുന്നവർ അറിയാന്‍; നിങ്ങള്‍ മനപ്പൂര്‍വ്വം മറക്കുന്ന ചിലതുണ്ട് പറയാന്‍

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ അക്രമകാരികളായി ചിത്രീകരിക്കുന്നവർ മനപൂർവം മറന്ന് പോകുന്ന ചില കാര്യങ്ങളുണ്ട്.കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയായ സംഘടന എസ് എഫ് ഐ ആണ്. രൂപീകരണ കാലം മുതലിങ്ങോട്ട് 33 എസ് എഫ് ഐ പ്രവർത്തകരെയാണ് വിവിധ സംഘടനകൾ കൊലപ്പെടുത്തിയത് .

കേരളത്തിലെ കലാലയങ്ങളിൽ കെ എസ് യു കൊടികുത്തി വാണ 70 കളിലാണ് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പതാക വാഹകരായി എസ് എഫ് ഐ രൂപം കൊള്ളുന്നത്. KSU വിന് സ്വാധീനമുള്ള കലാലയങ്ങളിൽ എസ്എഫ്ഐക്കാർ അടി കൊണ്ട് പുളഞ്ഞു. 1974 മാർച്ച് 4 തലശേരി ഗവ ബ്രണ്ണൻ കോളേജിൽ കെ എസ് യുവിന്റെ കുത്തക തകർത്ത് എസ് എഫ് ഐ വെന്നിക്കൊടി പാറിച്ചതോടെ കെ എസ് യു കഠാര പുറത്തെടുത്തു. എസ് എഫ് ഐ നേതാവ് അഷ്റഫിനെ വിദ്യാർത്ഥികളുടെ മുന്നിലിട്ട് കുത്തിക്കൊന്നു. അതിന് മൂന്ന് വർഷം മുമ്പ് തിരുവനന്തപുരം എം ജി കോളേജിലെ ദേവപാലനെ വിദ്യാർത്ഥി പ്രകടനത്തിനിടയിലേക്ക് ബസ് കയറ്റിയാണ് കൊലപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് കൊലപാതക പരമ്പരയായിരുന്നു. കെ എസ് യുവും എബിവിപിയും ബിജെപിയും എൻഡിഎഫും പൊലീസും എല്ലാം ചേർന്ന് എസ്എഫ്ഐയുടെ 33 ഉശിരരായ സഖാക്കളെ കൊലപ്പെടുത്തി.

കേന്ദ്ര കമ്മിറ്റി അംഗം കെ വി സുധീഷിനെ കൂത്തുപറമ്പ് തൊക്കിലങ്ങാടയിലെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ അച്ചന്റയും അമ്മയുടെയും മുന്നിലിട്ട് ആര്‍എസ്എസ്‌ കാർ വെട്ടിനുറുക്കി. പി കെ രാജൻ, സെയ്താലി ,പ്രദീപ് കുമാർ, കെ ആര്‍ തോമസ്, ശ്രീകുമാർ, മുഹമ്മദ് മുസ്തഫ, വേലായുധൻ, ജി ഭുവനേശ്വരൻ, പി കെ രമേശൻ, അജയ്, എം രാജേഷ്, സി വി ജോസ്, അനിൽകുമാർ, സാബു, സജീവൻ, കൊച്ചനിയൻ, ഇ കെ ബാലൻ ,എം എസ് പ്രസാദ്, കോറോത്ത് ചന്ദ്രൻ, ജോബി ആൻഡ്രൂസ്സ്, അജിഷ് വിശ്വനാഥൻ, KC രാജേഷ്, കെ വി റോഷൻ,
സക്കീർ, അജയ പ്രസാദ്, എ ബി ബിജേഷ്, അനീഷ് രാജൻ, സജിൻ ഷാഹുൽ, ഫാസിൽ, ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യു വരെ. കലാലയങ്ങളിൽ നൻമയുടെയും സഹാനുഭൂതിയുടെയും പര്യായമായി മാറിയ യൗവനങ്ങളെ കൊലക്കത്തിക്കിരയാക്കിയ നരഭോജികൾ സമാധാനത്തിന്റെ പതാക വാഹകരായി ചമയുമ്പോൾ കേരളീയ സമുഹം ഇവരുടെ തനി നിറം തിരിച്ചറിയുമെന്നുറപ്പാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here