സൗദിയിലേക്ക് മുങ്ങിയ പോക്‌സോ കേസ് പ്രതിയെ കേരളാ പോലീസിനു കൈമാറി

കുറ്റകൃത്യത്തിന് ശേഷം സൗദിയിലേക്ക് മുങ്ങിയ പ്രവാസിയായ പോക്‌സോ കേസ് പ്രതിയെ സൗദി ഇന്റര്‍പോള്‍ റിയാദില്‍ നിന്ന് പിടികൂടി. കേരളാ പോലീസിനു കൈമാറി. പ്രതി കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) റിയാദിലെത്തിയ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചു. ഇന്ത്യയും സൗദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്..

2017 ലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതി വിഭാഗക്കാരിയായകുട്ടിയുടെ പിതൃസഹോരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.അന്വേഷണം നടക്കുന്നതിനിടെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങി.

മഹിളാമന്ദിരത്തില്‍വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചത്.

ഇതാദ്യമായാണ് പോക്സോ കേസില്‍ അറസ്റ്റും കൈമാറ്റവും നടക്കുന്നത്. 2010ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്. ഇന്ത്യയും സൗദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇന്റര്‍പോള്‍ പിടികൂടി ഇതിനു മുമ്പും ഇന്ത്യക്ക് കൈ മാറിയിട്ടുണ്ട്.

കൊല്ലം ഡിസ്ട്രിക്റ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരോടൊപ്പം ഞായറാഴ്ചയാണ് കമീഷണര്‍ മെറിന്‍ ജോസഫ് റിയാദിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here