കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതി വിധി നാളെ പ്രഖ്യാപിക്കും

കര്‍ണാടകം വിഷയം സുപ്രീം കോടതി ഉത്തരവിനായി മാറ്റി. നാളെ രാവിലെ 10.30 ന് വിധി പറയും. വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ആകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവിഭാഗങ്ങളുടെയും വാദങ്ങളെ തുല്യമായി പരിഗണിക്കേണ്ടതുണ്ടെന്ന് പ്രത്യേകം നിരീക്ഷിച്ചു.

4 മണിക്കൂറോളം വിശദമായ വാദം കേട്ട ശേഷമാണ് കര്‍ണാടകയിലെ വിമത എം എല്‍ എ മാരുടെയും സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെയും ഹര്‍ജികള്‍ സുപ്രീംകോടതി ഉത്തരവിനായി മാറ്റിയത്. രാജി അയോഗ്യതയുമായി കൂട്ടികുഴയ്ക്കരുതെന്നും അയോഗ്യത വിഷയം നിലനില്‍ക്കുന്നത് കൊണ്ട് രാജികാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു വിമത എം എല്‍എ മാരുടെ വാദം. അയോഗ്യത ഒഴിവാക്കാനാണ് രാജിയെന്ന് സ്പീക്കര്‍ പറയുന്നു. അങ്ങനെ ആണെങ്കിലും അതിന്റെ അര്‍ത്ഥം രാജി സ്വമേധയ അല്ല എന്നാകുന്നില്ല. അത് കൊണ്ട് നാളെയ്ക്കകം രാജി അംഗീകരിക്കാന്‍ കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു.

എന്നാല്‍ എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. രാജിക്ക് മുന്‍പ് അയോഗ്യതയുടെ കാര്യത്തില്‍ തീരുമാനം എടുക്കണോ രണ്ട് വിഷയങ്ങളിലും ഒന്നിച്ച് തീരുമാനം എടുക്കാനാകുമോ എന്നാണ് പരിശോധിക്കുകയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി പറഞ്ഞു. എം എല്‍ എ മാരുടെ രാജി അയോഗ്യതയില്‍ നിന്ന് രക്ഷപെടാനാണ്.

സ്പീക്കര്‍ക്ക് ആദ്യം അയോഗ്യത കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള കത്താണ് ലഭിച്ചത് അതിനാല്‍ ആദ്യം അതില്‍ തീരുമാനം എടുക്കണം എന്നും മുന്‍ ഉത്തരവ് പിന്‍വലിച്ചാല്‍ നാളെ തന്നെ തീരുമാനം ഉണ്ടാകും എന്നും സ്പീക്കര്‍ വാദിച്ചു. ഇത്രയും ദിവസം സ്പീക്കര്‍ ഒന്നും ചെയ്യാഞ്ഞത് എന്താണെന്നും രാജി സ്വമേധയാ ആണെങ്കില്‍ എന്താണ് അംഗീകരിക്കുന്നതില്‍ പ്രയാസമെന്നുമായി കോടതി. ആദ്യം രാജിയില്‍ തീരുമാനം എടുക്കൂ പിന്നീട് അയോഗ്യത സംബന്ധിച്ച് പരിശോധിക്കാമല്ലോ എന്നും കോടതി ചോദിച്ചു.

എന്നാല്‍ ഇതിനെ കുമരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ എതിര്‍ത്തു. 190ആം അനുച്ഛേദവും ഭരണഘടനയുടെ 10ആം വകുപ്പും ഒന്നിച്ച് പരിഗണിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ പറയുന്നു അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ ആണ് രാജിയെന്ന്. എംഎല്‍എമാര്‍ പറയുന്നു രാജി തടയാന്‍ അയോഗ്യത ഉയര്‍ത്തുന്നുവെന്ന്. ഈ രണ്ട് വാദങ്ങള്‍ക്കും ബലമുണ്ട്.

അതിനാല്‍ രണ്ടും തുല്യമായി പരിഗണിക്കണം എന്ന പ്രത്യേക നിരീക്ഷണവും കോടതിയില്‍ നിന്ന് ഉണ്ടായി. നാളെ രാവിലെ 10.30 നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഹര്ജികളില്‍ വിധി പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here