മുംബൈയില്‍ തുടര്‍ക്കഥയാകുന്ന കെട്ടിട ദുരന്തം; അധികൃതരുടെ അനാസ്ഥയെന്ന് പരക്കെ പരാതി

മുംബൈയില്‍ ഡോംഗ്രിയിലെ നാലുനില കെട്ടിടം തകര്‍ന്ന് വീണതിനെ തുടര്‍ന്നുള്ള തിരച്ചിലില്‍ ഇതുവരെ ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ പത്തിലധികം പേര്‍ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന് വീണ കെട്ടിടത്തിനുള്ളില്‍ ഏകദേശം നാല്പതോളം പേര്‍ കുടുങ്ങിയതായി അനുമാനിക്കുന്നു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.

ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഡോംഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റ് ഭാഗത്തെ കെട്ടിടമാണ് തകര്‍ന്ന് വീണ് പ്രദേശത്ത് വിഷാദം വിതച്ചത് .

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ച പ്രദേശത്താണ് ഈ കെട്ടിടവും സ്ഥിതി ചെയ്തിരുന്നത്. ഇവിടേക്ക് ഗതാഗത യോഗ്യമായ വഴി ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിരിക്കയാണ്. ഇതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ട യുവതികളും കുട്ടികളും അടങ്ങുന്ന താമസക്കാര്‍ക്ക് ഓക്‌സിജന്‍ എത്തിക്കുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവ സ്ഥലത്തേക്ക് എത്തി ചേരുവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ മറി കടക്കുവാനുള്ള ശ്രമത്തിലാണ് സന്നദ്ധ സേവകരടങ്ങുന്ന രക്ഷാ പ്രവര്‍ത്തകര്‍.

ഏകദേശം നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലത്ത് കെട്ടിട ദുരന്തം മുംബൈ നഗരത്തില്‍ തുടര്‍ക്കഥയാകുമ്പോള്‍ അപകടസ്ഥിതിയിലുള്ള കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലായെന്ന പരാതിയും ഉയര്‍ന്നു വന്നിരിക്കയാണ്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടത് അനിവാര്യമാണെന്ന അഭിപ്രായക്കാരാണ് നഗരത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങള്‍.

ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇവരെ പുനരധിവസിപ്പിക്കുവാനുള്ള പോംവഴികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചാല്‍ മാത്രമാണ് ഇതിനൊരു പരിഹാരം കാണുവാന്‍ കഴിയുകയുള്ളൂവെന്നുമാണ് പ്രദേശവാസികളും പറയുന്നത്. വര്‍ഷങ്ങളായി ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കെല്ലാം കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് അനുകൂലമായ പരിഹാരം കാണാന്‍ കഴിയാത്തതാണ് അപകടം നിറഞ്ഞ പരിതസ്ഥിതിയിലും ജീവന്‍ പണയം വച്ച് താമസം തുടരാന്‍ സാധാരക്കാരായ ഇവരെ നിര്‍ബന്ധിതരാക്കുന്നത് .

കെട്ടിട ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ ജനരോഷം ഉയരുകയാണ്. മുംബൈയുടെ 24 വാര്‍ഡുകളിലായി ആയിരക്കണക്കിന് ജീര്‍ണ്ണിച്ച് അപകട നിലയിലായ കെട്ടിടങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെയെല്ലാം കുറഞ്ഞ തസ്തികയിലെ ജീവനക്കാരും ചെറുകിട കച്ചവടങ്ങള്‍ നടത്തി ഉപജീവനം നടത്തുന്നവരുമാണ് താമസിച്ചു വരുന്നത്.

പല കെട്ടിടങ്ങളും 60 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ളവയാണെന്ന് രേഖകളില്‍ പറയുന്നു. അപകടകരമായ സാഹചര്യത്തിലുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താക്കീതുകള്‍ നല്‍കിയിട്ടും വീടൊഴിയാന്‍ വിമുഖത പ്രകടിപ്പിക്കുന്നത് ജീവിതം പെരുവഴിയിലാകുമെന്ന് പേടിച്ചു തന്നെയാണ്.

പുനഃരധിവാസത്തിന് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധികളോട് പലര്‍ക്കും യോജിക്കാന്‍ കഴിയാത്തതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വര്ഷങ്ങളായി തുടര്‍ന്ന കെട്ടിട ദുരന്തങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോകത്തെ ഏറ്റവും ധനികമായ നഗരസഭക്ക് കഴിയുന്നില്ലായെന്നത് മഹാനഗരത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടുകളായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News