വീണ്ടുമൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നു. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ഷൈലോക്ക് ദ മണി ലെന്‍ഡര്‍ എന്ന ചിത്രമാണ് ഡിസംബറില്‍ തിയ്യറ്ററുകളിലെത്തുക. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജോഷിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ചലച്ചിത്രാരാധകര്‍.ആ സസ്‌പെന്‍സിന് വിരാമമിട്ട് സംവിധായകന്‍ ജോഷി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചു.
മെഗാസ്റ്റാറിനെ നായകനാക്കി രണ്ട് ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് ഷൈലോക്ക് ദ മണി ലെന്‍ഡര്‍. തമിഴ് സിനിമാ രംഗത്തെ പ്രമുഖ താരം രാജ് കിരണ്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
‘ഷെയ്ക്ക്‌സ്പിയറിന്റെ പ്രശസ്തമായ മര്‍ച്ചന്റ് ഓഫ് വെനീസിലെ കഥാപാത്രമാണ് ഷൈലോക്കെങ്കിലും ആ കഥയുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
മഹാരഥന്‍മാരായ നടന്‍മാര്‍ തങ്ങളുടെ അഭിനയ പാടവം കാഴ്ചവെച്ച മലയാള സിനിമയില്‍ വേഷമിടാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് രാജ് കിരണ്‍ പറഞ്ഞു.
നവാഗതരായ അനീഷും വിപിനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.നടന്‍ മുകേഷാണ് ആദ്യ ക്ലാപ്പടിച്ചത്. സിനിമക്ക് വേണ്ടി ഹരിനാരായണന്‍ എഴുതിയ പാട്ടുകള്‍ക്ക് ഗോപീ സുന്ദറാണ് ഈണം നല്‍കിയത്. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here