കര്‍ണാടക: വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. രാജിയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയ പരിധി നിശ്ചയിച്ച് നല്‍കാന്‍ ആകില്ലെന്നും കോടതി ഉത്തരവ്.

സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഉള്ള കോടതിയുടെ അധികാരം ഉള്‍പ്പെടെ ഗൗരവമേറിയ വിഷയങ്ങള്‍ പിന്നീട് പരിശോധിക്കാം എന്ന് വ്യക്തമാക്കിയാണ് സ്പീക്കറുടെ അധികാരങ്ങളില്‍ കൈ കടത്താതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിമതരെ രക്ഷിച്ച കോടതി ഉത്തരവ്.

രാജിയില്‍ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സമയ പരിധി നിശ്ചയിച്ച് നല്‍കാന്‍ ആകില്ല. ഉചിതമായ സമയത്ത് സ്പീക്കര്‍ രാജിയില്‍ തീരുമാനം എടുക്കട്ടെ എന്നും കോടതി ഉത്തരവിട്ടു. സ്പീക്കര്‍ക്ക് രാജി,അയോഗ്യതാ വിഷയങ്ങളില്‍ തീരുമാനം എടുക്കാം. തീരുമാനത്തിന് ശേഷം ഉത്തരവ് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ നാളെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമോ എന്നത് എംഎല്‍എമാര്‍ക്ക് തീരുമാനിക്കാം. സഭാ നടപടികളില്‍ പങ്കെടുക്കണമോ എന്നത് എംഎല്‍എമാരുടെ സ്വാതന്ത്ര്യം ആണെന്നും അവരെ നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും ഉത്തരവില്‍ പറയുന്നു.

അയോഗ്യത ഭീഷണി ഉയര്‍ത്തി വിമതരെ പങ്കെടുപ്പിക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കം ഇനി വിജയിക്കാന്‍ ഇടയില്ല. ഫലത്തില്‍ കോടതിയില്‍ സ്പീക്കര്‍ വിജയിച്ചെങ്കിലും സഭയില്‍ സര്‍ക്കാര്‍ പരാജയപ്പെടാന്‍ ആണ് ഉത്തരവ് വഴി ഒരുക്കിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് വിധി.

കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ പിന്നീട് പരിഗണിക്കും. 15 വിമത എംഎല്‍എമാരുടെയും സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാറിന്റെയും ഹര്‍ജികളാണ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News