പാതി ചെലവില്‍ പാചക വാതകം; ഗെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ കാണട്ടെ ഈ മാറ്റം

മലപ്പുറം: ഗെയിൽ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താൻ മലപ്പുറം കാത്തിരിക്കുമ്പോൾ എറണാകുളം കളമശേരിയിൽ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം.

പാചകത്തിനായി ഗെയിൽ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറത്തിന‌് പ്രതീക്ഷയാകുമ്പോൾ ചിലർ ഗെയിൽ പദ്ധതിയുടെ പേരിൽ ഇത‌് വിവാദമാക്കുകയാണ‌്.

എന്നാൽ കളമശേരി മെഡിക്കൽ കോളേജിനടുത്ത‌് രണ്ടായിരത്തോളം വീടുകൾ സിഎൻജി ഉപയോഗിച്ച‌് പാചക ചെലവ‌് പാതികുറച്ചു.

‘വീട്ടിൽ പാചകത്തിന് സിഎൻജിയാണ‌് ഉപയോഗിക്കുന്നത‌്. പണം കുറവാണെന്ന‌് മാത്രമല്ല, സുരക്ഷയുമുണ്ട‌്.’ വർക‌് ഷോപ‌് ജീവനക്കാരൻ കളമശേരി എറവാട്ടുപറമ്പ‌് മൻസൂറിന്റെ അനുഭവസാക്ഷ്യം.

സിഎൻജി വൻ അപകടമാണെന്ന‌് പറഞ്ഞ‌് ചിലർ പേടിപ്പിച്ചിരുന്നു. അതിനാൽ എതിർപ്പുമൂലം ഈ വാർഡിൽ ആദ്യം ഗാർഹിക കണക്ഷൻ നൽകിയില്ല.

മുമ്പ‌് എതിർത്തവരൊക്കെ ഇപ്പോൾ സിഎൻജി ഉപയോഗിക്കുന്നു. കൂടുതൽ സുരക്ഷിതവുമാണ‌്. എൽപിജിപോലെ ചുറ്റും പരക്കില്ല. മുകളിൽ വായുവിലേക്ക‌് അതിവേഗം ഉയർന്ന‌് കലരുന്ന സ്വഭാവമാണ‌് സിഎൻജിക്ക‌്.

ഗാർഹിക കണക്ഷന‌് മൂന്ന് സ‌്കീമുകളുണ്ടെന്ന‌് സിറ്റി ഗ്യാസ‌് പ്രോജക്ട‌് മാനേജർ അജയ‌് പിള്ള പറഞ്ഞു. 5000 രൂപ അടച്ചാൽ ലൈൻ വലിച്ച‌് വീടുകളിലേക്ക‌് ടാപ് കണക്ഷൻ നൽകും.

മീറ്ററും റെഗുലേറ്ററും ഘടിപ്പിക്കും. കണക്ഷൻ ഉപേക്ഷിച്ചാൽ തുക തിരികെ ലഭിക്കും. രണ്ടാമത്തെ സ‌്കീമിൽ 5000 രൂപ ബില്ലിനൊപ്പം 200 രൂപവീതം തവണയായി അടയ‌്ക്കാം.

25 രൂപ സിഎൻജി ഉപയോഗിക്കുന്ന കാലത്തോളം അടയ‌്ക്കുന്ന പദ്ധതിയാണ‌് മൂന്നാമത്തേത‌്. ശരാശരി 500 രൂപമാത്രമാണ‌് രണ്ട‌് മാസം കൂടുമ്പോൾ ബില്ല‌് അടയ‌്ക്കേണ്ടിവരിക.

മൂന്ന് സ‌്കീമിലും 500 രൂപ മുൻകൂറായി അടയ‌്ക്കണം. ആറംഗ കുടുംബത്തിൽ സാധാരണ നിലയിൽ നാല് ക്യുബിക‌് മീറ്ററാകും ശരാശരി പ്രതിദിന സിഎൻജി ഉപയോഗം. 10 രൂപയാണ‌് ചെലവ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here