എനിക്ക് ഫേസ് ആപ്പില്‍ വരകള്‍ വീണ മുഖം വേണ്ട; നൂറാം വയസിലും വിസ്മയമായിരിക്കാനാണ് ആഗ്രഹം’

മനുഷ്യ മുഖങ്ങളെ വൃദ്ധന്മാരും വൃദ്ധകളുമാക്കി ഫോട്ടോ ഷോപ്പ് ചെയ്യുന്ന ഫേസ് ആപ്പ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ കുറിപ്പ് ചുവടെ:

‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ കുചേലപത്‌നിയുടെ വേഷം ചെയ്യേണ്ടി വന്നിട്ടുണ്ട്. ദാരിദ്ര്യവും വാര്‍ദ്ധക്യവും മുഖത്ത് വരുത്താനായി ടീച്ചര്‍ അല്പം കരിയെടുത്തു മൂക്കിന്റെ രണ്ടു വശത്തു നിന്നും താഴേക്കു രണ്ടു വര. കണ്ണിനു താഴെ ഒരല്പം കരി. അമ്പരന്നു പോയി. ആറാം ക്ലാസ്‌കാരിക്ക് അറുപതിന്റെ രൂപം. ഇന്നെനിക്ക് ഫേസ്ആപ്പില്‍ വരകള്‍ വീണ മുഖം ഉണ്ടാക്കേണ്ടതില്ല. കാരണം അതൊരു യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.

ചുളിവുകളുള്ള മുഖത്തിനിപ്പോ എന്താ ഒരു കുഴപ്പം? ഗ്രേസ്ഫുളായി വൃദ്ധരാകുന്ന ഒരു പാടു പേരെ അറിയാം. അവരെ കണ്ടിരിക്കാന്‍ ഇഷ്ടവുമാണ്. മദര്‍തെരെസയെയും മേധാപട്ക്കരെയും കണ്ടുവേണം നമ്മള്‍ പഠിക്കാന്‍.കാര്യമൊക്കെ ശരി തന്നെ. എന്നാലും മുഖം പഴകിയ ഓറഞ്ച് പോലെ ആകുമല്ലോ എന്നൊരാധി ഇല്ലാതില്ല. വലിയ പണച്ചെലവില്ലാതെ എന്തെങ്കിലുമൊന്നു ചെയ്യാനാകുമോ?

വയസ്സാകുന്തോറും ലോകത്തിലേക്കും സുന്ദരിയായിരിക്കുക എന്നത് വലിയൊരു ഭാരമായിത്തീര്‍ന്നു പ്രശസ്ത നടി ഗ്രെറ്റ ഗാര്‍ബോയ്ക്ക്. സദാ താന്‍ കളിയാക്കപ്പെടുന്നത് പോലെ. തന്റെ സൌന്ദര്യം പൊടിഞ്ഞ് ഇല്ലാതാകുന്നതില്‍ ലോകം ആനന്ദിക്കുന്നത് പോലെ. കുറ്റം പറയാനാകില്ല. അങ്ങനെയുമുണ്ടാകും ചിലര്‍.

62 വയസുള്ളപ്പോഴാണ് എഴുത്തുകാരനായ ഗെയ്‌ഥേ 26 വയസുള്ള ബെറ്റീനയുമായി ‘ പിരിയാനാകാത്ത വിധം അടുക്കുന്നത്. ബെറ്റീനയുടെ കൊഞ്ചലുകള്‍ കാണാനും അവള്‍ പറയുന്ന കഥകള്‍ കേള്‍ക്കാനും ഗെയ്‌ഥേ ഇരുന്നുകൊടുത്തു. അവളുടെ സര്‍ഗ്ഗാത്മകസാന്നിധ്യം അയാളെ ആനന്ദിപ്പിച്ചു. ജീവിതാസക്തനാക്കി. അയാള്‍ പ്രായം മറന്നു. അമ്പതു വയസ്സില്‍ അയാള്‍ക്ക് വല്ലാത്ത തടിയും ഇരട്ടത്താടിയുമൊക്കെ ഉണ്ടായിരുന്നു, അന്നയാളെ ഇതത്ര ബാധിച്ചിരുന്നില്ല.

പക്ഷെ മരിച്ചാല്‍ താന്‍ അനശ്വരതയിലേക്ക് കുടവയറോടെ പ്രവേശിക്കുന്നതോര്‍ത്തപ്പോള്‍ അയാള്‍ക് ഒരു വിഷമം. അയാള്‍ തടി കുറയ്ക്കാന്‍ തീരുമാനിച്ചു. പഴയതുപോലെ ആയില്ലെങ്കിലും ആ സുന്ദരരൂപത്തെ ഓര്‍മ്മിപ്പിക്കാനെങ്കിലും സാധിച്ചു. പ്രണയത്തിന് അങ്ങനെ ചില അത്ഭുതങ്ങള്‍ സാധ്യമാകും. അപ്പുറത്തു നിന്ന് പ്രിയപ്പെട്ടൊരാള്‍ ആശയോടെ നമ്മളെ നോക്കാനുണ്ടായാല്‍ അതു ഭാഗ്യമാണ്.

ഞാനെന്നെ തിരിച്ചറിഞ്ഞു ജീവിച്ചുതുടങ്ങിയ അന്നു മുതലാണെന്റെ ജീവിതം തുടങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ എനിക്കേതാണ്ട് 20 വയസ്സാണ് ഇപ്പോള്‍ പ്രായം. നൂറാം വയസ്സിലും ഒരു വിസ്മയമായിരിക്കണമെന്നാണെനിക്കാഗ്രഹം. അങ്ങനെയായിരിക്കാന്‍ അല്‍പം ആത്മവിശ്വാസം ഉണ്ടാവുക തന്നെ വേണം. അതിന് നമ്മളെ ഇഷ്ടപ്പെടുന്നൊരാള്‍ എവിടെയെങ്കിലുമുണ്ടായിരിക്കുമെന്ന ഒരു പ്രത്യാശ നല്ലതാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News