പാലാരിവട്ടം മേല്‍പ്പാലം; എല്‍ഡിഎഫ് നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിച്ചു

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ എല്‍ഡിഎഫ് നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിച്ചു. എല്‍ ഡി എഫ് എറണാകുളം ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന്റെ സമാപന സമ്മേളനത്തിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതിക്ക് നേതൃത്വം നല്‍കിയ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സ്ഥാനം രാജി വെക്കുക, അഴിമതിയിലൂടെ സമ്പാദിച്ച ഇബ്രാഹിംകുഞ്ഞിനെ സ്വത്ത് കണ്ടുകെട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 26നാണ് എല്‍ഡിഎഫ് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്.

സമരം നടന്ന 23 ദിവസവും 300 മുതല്‍ 500 വരെ ആളുകളാണ് സമരപ്പന്തലില്‍ എത്തിയിരുന്നത്. കൊച്ചി ഹൃദയം മദ്ധ്യത്തിലൂടെ കടന്നു പോകുന്ന പാലാരിവട്ടം പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വന്‍ ഗതാഗതക്കുരുക്ക് പൊതുജനത്തെയും സാരമായി ബാധിച്ചു. അഴിമതിക്ക് കൂട്ടുനിന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരത്തിന്റെ ഈ ഘട്ടം അവസാനിപ്പിക്കുന്നതെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

സമരം ജനങ്ങള്‍ ഏറ്റെടുത്തതോടെ മന്ത്രി എംഎം മണി കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വിദ്യാര്‍ത്ഥികള്‍ വീട്ടമ്മമാര്‍ വരെ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ സമരപ്പന്തലിലെത്തി. വിദഗ്ധ പരിശോധനയില്‍ ഗുരുതരപ്രശ്‌നങ്ങള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം തകരാറുകള്‍ പരിഹരിച്ച് ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News