എസ്എഫ്ഐയുടെ മുദ്രാവാക്യങ്ങളേറ്റെടുത്ത് കലാലയങ്ങള്‍; അവകാശപത്രികാ മാര്‍ച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍; സംഘശക്തിയുടെ നേര്‍സാക്ഷ്യമായി കേരളത്തിന്‍റെ തെരുവുകള്‍

വിദ്യാഭ്യാസ മേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇന്‍റേണല്‍ അസസ്മെന്‍റിലെ അപാകതകള്‍ പരിഹരിക്കുക, ക്യാമ്പസുകളിലെ വിദ്യാര്‍ഥി സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടുകള്‍ തിരുത്തുക, പുതുതായി ആരംഭിച്ച കോളേജുകളിലും കോ‍ഴ്സുകളിലും ആവശ്യാനുസരണം അധാപകരെ നിയമിക്കുക.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ വിവിധ നടപടികള്‍ സ്വീകരിക്കുക തുടങ്ങി അമ്പത്തൊന്നിന ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് എസ്എഫ്ഐ സംസ്ഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തിയത്.

പ്രഫഷണല്‍ വിദ്യാര്‍ത്ഥികളും ടെക്നിക്കല്‍ ആര്‍ട്സ്കോളേജുകളിലെ വിദ്യാര്‍ഥികളും ഒരു വലിയ വിഭാഗം വിദ്യാര്‍ത്ഥിനികളുമുള്‍പ്പെടെ പതിനായിരങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്ഐ മാര്‍ച്ചില്‍ അണിനിരന്നത്.

തിരുവനന്തപുരത്ത് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് വിപി സാനു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് വിഐ വിനീഷ് തിരുവനന്തപുരത്ത് മാര്‍ച്ച് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഒറ്റപ്പെട്ട അക്രമങ്ങളുടെ മറവില്‍ പ്രത്യേക അജണ്ടകളുടെ മറവില്‍ മാധ്യമങ്ങള്‍ വരച്ചു കാട്ടുന്നതല്ലെ തെരുവുകളിലെ അണമുറിയാത്ത ഈ വിദ്യാര്‍ഥിക്കൂട്ടവും അവരേറ്റുവി‍ളിക്കുന്ന മുദ്രാവാക്യങ്ങളുമാണ് ഈ പ്രസ്ഥാനത്തിന്‍റെ അടയാളമെന്നും വിപി സാനു പറഞ്ഞു.

വളഞ്ഞിട്ട് ആക്രമിച്ച മാധ്യമങ്ങള്‍ക്ക് എസ്എഫ്ഐ നല്‍കുന്ന മറുപടിയാണ് ഇതെന്ന് കോ‍ഴിക്കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മറ്റ് ജില്ലകളില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

യൂണിവേ‍ഴ്സിറ്റി കോളേജിലെ ഒറ്റപ്പെട്ട സംഭവത്തിന്‍റെ മറവില്‍ എസ്എഫ്ഐക്കെതിരെ വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങളെ പാടെ തള്ളക്കളഞ്ഞുകൊണ്ട് പ്രതികൂല സാഹചര്യത്തിലും പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മലയോര മേഖലയിലുള്‍പ്പെടെ അവകാശ പത്രികമാര്‍ച്ചില്‍ പങ്കെടുത്തത്.

സംഘടനാശക്തി വിളിച്ചോതി  ആവേശോജ്ജ്വലമായ അവകാശ പോരാട്ടമാണ് മധ്യകേരളത്തിലും എസ്എഫ്‌ഐ നടത്തിയത്

അഭിമന്യു രക്തസാക്ഷിയായ മണ്ണില്‍ സംഘടനാശക്തി വിളിച്ചോതി കൊണ്ട് ആവേശോജ്ജ്വലമായ അവകാശ പോരാട്ടമാണ് മധ്യകേരളത്തിലും എസ്എഫ്‌ഐ നടത്തിയത്. പ്രതികൂലമായ കാലാവസ്ഥയിലും പെണ്‍കുട്ടികളടക്കം പതിനായിരങ്ങള്‍ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങി. 50 വര്‍ഷം കൊണ്ട് ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു എസ്എഫ്‌ഐയുടെ പതാകയ്ക്ക് കീഴില്‍ അവര്‍ അണിനിരന്നത്.

അഭിമന്യൂ കുത്തേറ്റ് മരിച്ച മണ്ണില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയാണ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തത്. ഹൈക്കോടതിയില്‍ നിന്നും കണയന്നൂര്‍ താലൂക്കിലേക്ക് നടത്തിയ മാര്‍ച്ച് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം രഹ്ന ഉദ്ഘാടനം ചെയ്തു.കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നും കളക്ടറേറ്റിലേക്ക് നടന്ന ഉജ്ജ്വല റാലി എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ശില്‍പ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഇടുക്കിയില്‍ തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച് മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ സമാപിച്ച മാര്‍ച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഷ്ണുഗോപന്‍ ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ നടന്ന കളക്ട്രേറ്റ് മാര്‍ച്ച് എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം അന്‍വീറും ആലപ്പുഴയില്‍ എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം കെ പി ഐശ്വര്യയും ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here