എറണാകുളം അങ്കമാലി അതിരൂപതയില്‍ വീണ്ടും തര്‍ക്കം; കര്‍ദിനാളിനെതിരെ പ്രത്യക്ഷ സമരവുമായി വിമത വൈദികര്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാളിനെതിരെ പ്രത്യക്ഷ സമരവുമായി വിമത വൈദികര്‍. സഭാ ഭൂമിയിടപാട് കേസില്‍ തനിക്കെതിരെ നിലപാടെടുത്ത വൈദികരെ വേട്ടയാടുന്ന കര്‍ദിനാളിനെ ഭരണ ചുമതലയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വൈദികര്‍ സമരം നടത്തുന്നത്.

വ്യാജരേഖ കേസ് ഉപയോഗിച്ച് സഭയിലെ വിമത സ്വരം ഇല്ലാതാക്കാനുള്ള കര്‍ദിനാളിന്റെ നീക്കത്തെ അംഗീകരിക്കില്ലെന്നും വിമത വൈദികര്‍ പറഞ്ഞു. സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാളിനെതിരായി നിലകൊണ്ട മുന്‍ വൈദിക സമിതി സെക്രട്ടറിയെ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുകയും വൈദിക സമിതി മിനുട്‌സ് പരിശോധിക്കുകയും ചെയ്തിരുന്നു.

വ്യാജരേഖ കേസ് ഉപയോഗിച്ച് സഭയ്ക്ക് അകത്തെ വിമത സ്വരം കര്‍ദിനാള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നാണ് വൈദികരുടെ ആക്ഷേപം. ബിഷപ്പ് ഹൗസില്‍ കര്‍ദിനാളിനെ കാണാനെത്തിയ വൈദികര്‍ വ്യാജ രേഖ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ദിനാള്‍ ഇതിനു വഴങ്ങാതെ വന്നതോടെ ബിഷപ്പ് ഹൗസിനുള്ളില്‍ വൈദികര്‍ ഉപവാസ സമരം ആരംഭിക്കുകയായിരുന്നു.

കര്‍ദിനാളിനെ ഭരണ ചുമതലയില്‍ നിന്നും മാറ്റുക, പുറത്താക്കിയ സഹായ മെത്രാന്മാരെ തിരിച്ചെടുക്കുക തുടങ്ങി അഞ്ചോളം ആവശ്യങ്ങളാണ് ഉപവാസം അനുഷ്ഠിക്കുന്ന വൈദികര്‍ക്ക് ഉള്ളത്. എറണാകുളം അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ജോസഫ് പാറേക്കാട്ടില്‍ ആണ് ഉപവാസ സമരം ആരംഭിച്ചത്. വരുംദിവസങ്ങളില്‍ അതിരൂപതയിലെ മറ്റു വൈദികരും സമരത്തിന് പിന്തുണയുമായി എത്തും.

എന്നാല്‍ സമ്മര്‍ദ്ദത്തിലൂടെ വ്യാജരേഖ കേസ് പിന്‍വലിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കര്‍ദിനാള്‍ പക്ഷം വ്യക്തമാക്കി. എന്നാല്‍ വൈദികരുടെ സമരത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ല എന്നായിരുന്നു ആലഞ്ചേരി എടുത്ത നിലപാട്.

അനുസരണ വ്രതം തെറ്റിച്ച് സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ വികാരി ജനറലിന് കത്തും നല്‍കിയിട്ടുണ്ട്. സമരത്തില്‍ സ്ഥിരം സിനഡ് ഇടപെട്ടു വൈദ്യരുമായി ചര്‍ച്ച നടത്തണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു.

വിശ്വാസികളുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്നും സഭാ യുവജന സംഘടന വിമത വൈദികര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും ബിഷപ്പ് ഹൗസിന് മുന്നിലെത്തിയ കെസിവൈഎം ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News